ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-04-2021)

മന്‍സൂര്‍ കൊലപാതകക്കേസ് രണ്ടാം പ്രതിയുടെ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആദ്യം അന്വേഷണം നടത്തിയത് കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ആയിരുന്നു. പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജു ജോസിനാണ്.

രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 839 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ലക്ഷം കടന്നു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മാംഗോ ജ്യൂസില്‍ ദ്രവ രൂപത്തിലെത്തിച്ച സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വര്‍ണം പിടികൂടി. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുകയാണ്.

ഇന്ന് മുതല്‍ രാജ്യത്ത് ‘വാക്‌സിന്‍ ഉത്സവം’; കൊവിഡ് നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

രാജ്യത്ത് രണ്ടാം തരംഗ കൊവിഡ് അതിവേഗം പടരുന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കടുപ്പിച്ചു. പ്രതിദിന പോസിറ്റീവ് കേസുകളോടൊപ്പം മരണസംഖ്യ ഉയരുന്നതും രോഗമുക്തി നിരക്ക് താഴുന്നതും രാജ്യത്ത് ഏറെ ആശങ്കയായി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലാതെ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്: നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ആഡംബര ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top