Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (15-04-2021)

April 15, 2021
Google News 1 minute Read
todays news round up april15

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കായിരിക്കും മാളുകളിൽ പ്രവേശനം.

വാക്‌സിൻ ക്ഷാമം; തിരുവനന്തപുരത്ത് 131 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി

വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി. 131 ഓളം വാക്‌സിനേൻ കേന്ദ്രങ്ങളാണ് പൂട്ടിയത്. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും പൂട്ടി. ഇതേ തുടർന്ന് കുത്തിവയ്പ് എടുക്കാൻ എത്തിയവർ വാക്‌സിൻ സ്വീകരിക്കാതെ മടങ്ങി.

ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും

ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡികെ ഹയിൻ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവിടരുതെന്നും കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

രാജ്യത്ത് രണ്ട് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; മരണം 1,038

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,038 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആദ്യമായാണ് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം; കെഎം ഷാജിയെ ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും. റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിൻ്റെ രേഖകൾ സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് വീണ്ടും കെഎം ഷാജിയെ ചോദ്യം ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നത്. അതേസമയം, റെയ്ഡ് റിപ്പോർട്ട് വിജിലനസ് കോടതിയിൽ സമർപ്പിച്ചു.

‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’; പ്രതികരണവുമായി വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസ്സുകാരന്റെ പിതാവ്

കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് അമ്പിളി കുമാർ. അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രശ്നത്തിനും പോകാത്തയാളാണ് അഭിമന്യു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് അറിയില്ല. അതേസമയം, സഹോദരൻ അനന്ദു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.

വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സജയ് ദത്തിൻ്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ വള്ളികുന്നത്ത് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.

കൊവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നു; മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷൻ മുടങ്ങും

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷൻ മുടങ്ങും. കൊവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ ക്യാംപുകൾ തൽക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചു. ഇന്ന് അടുത്തബാച്ച് വാക്സിൻ എത്തിയാലേ നാളെ ക്യാംപുകൾ പുനരാരംഭിക്കാനാകു. തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ അഞ്ച് ജില്ലകളിൽ കൊവിഷീൽഡ് വാക്സിൻ സ്റ്റോക്ക് തീർന്നു.

കേരള സാങ്കേതിക സർവകലാശാലയിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി

കേരള സാങ്കേതിക സർവകലാശാലയിൽ മാനേജ്മെൻ്റ് സീറ്റിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി. വിദ്യാർത്ഥികളുടെ പ്രവേശനം അനധികൃതമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ഇതോടെ 23 കോളജുകളിൽ നിന്നുള്ള 235 വിദ്യാർത്ഥികൾക്ക് ഇന്ന് നടക്കുന്ന പരീക്ഷ എഴുതാൻ കഴിയില്ലെന്നാണ് വിവരം.

Story Highlights: news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here