Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (03-09-2021 )

September 3, 2021
Google News 1 minute Read

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കെ.പി.സി.സി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെയും തന്റെയും കാലത്ത് തിരിച്ച് കൊണ്ടുവന്നുവെന്ന് രമേശ് ചെന്നിത്തല. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി

നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് കോടതി തുറന്നടിച്ചു. നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ്. കേരളത്തെ പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തൃക്കാക്കര നഗരസഭയിലെ പ്രതിഷേധം; ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടെന്ന് കോടതി

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിലെ പ്രതിഷേധത്തില്‍ ചെയര്‍ പേഴ്‌സണ്‍ അജിതാ തങ്കപ്പന് സംരക്ഷണം നല്‍കാത്തതിനെതിരെ ഹൈക്കോടതി. നഗരസഭയില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കോടതി പൊലീസിന് നോട്ടിസ് അയച്ചു. ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. നഗരസഭയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

‘പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണം’; രൂക്ഷവിമര്‍ശനവുമായി വി. ഡി സതീശന്‍

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് വി. ഡി സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതി ഭൂമിക്കേസ്; സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി

നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദുചെയ്തു. പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് 246.26 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

പി. വി അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിക്കാന്‍ ഗ്രാമപഞ്ചായത്ത്

പി. വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. റിസോര്‍ട്ടിലെ നാല് തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് നടപടി സ്വീകരിക്കും. കോടതി വിധിയും കോഴിക്കോട് കളക്ടറുടെ ഉത്തരവും നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ വൻ നാശനഷ്ടം; മരണം 46 ആയി

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി നഗരങ്ങളിൽ പ്രകൃതി ക്ഷോഭം രൂക്ഷം. ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഇന്ത്യൻ വംശജൻ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കൻ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഫെഡറൽ ഭരണകൂടം ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Story Highlight: News round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here