2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി; നടി സുഹാസിനി ചെയർപേഴ്‌സൺ
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. ( suhasini jury chairperson ) അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്.
എട്ടു തവണ ദേശീയ പുരസ്‌കാരം നേടിയ കന്നട സംവിധായകൻ പി.ശേഷാദ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഇ.പി രാജഗോപാലൻ, സംസ്ഥാന അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.
സുഹാസിനി, പി.ശേഷാദ്രി, ഭദ്രൻ എന്നിവർക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരൻ, സംഗീതസംവിധായകനായുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മോഹൻ സിതാര, മൂന്ന് ദേശീയപുരസ്‌കാരം നേടിയ സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.
Read Also : കൊവിഡ് 19: മകനെ കാണുന്നത് ഗ്ലാസിനപ്പുറം, മാതൃകയായി സുഹാസിനി
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നിരൂപകനുമായ ഡോ.പി.കെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. ചലച്ചിത്രനിരൂപകരായ ഡോ.മുരളീധരൻ തറയിൽ, ഡോ.ബിന്ദുമേനോൻ, സി.അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
80 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ നാലെണ്ണം കുട്ടികൾക്കുള്ള ചിത്രങ്ങളാണ്. ഇന്ന് രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിച്ചു.
Story Highlights: suhasini jury chairperson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here