02
Dec 2021
Thursday
Covid Updates

  ഇന്നത്തെ പ്രധാനവാർത്തകൾ

  ഇന്ധന വില ഇന്നും കൂട്ടി

  രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.60 രൂപയും ,ഡീസൽ 102.43 രൂപയുമായി.

  പ്രശസ്ത അർബുദ രോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ അന്തരിച്ചു

  പ്രശസ്ത അർബുദ രോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ(81) അന്തരിച്ചു. ഇന്ന് രാവിലെ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ആർ സി സി സ്ഥാപക മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

  മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി: മന്ത്രി റോഷി അഗസ്റ്റിൻ

  മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. 20ഓളം ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥർക്ക് 20 ക്യാമ്പിൻ്റെ ചുമതല നൽകി. ഉദ്യോഗസ്ഥ തലത്തിൽ പ്രത്യേക ചുമതല നൽകി.

  മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണം: സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം

  മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി.

  ലോൺ തിരിച്ചടക്കാനാകാത്ത മനോവിഷമം; കരുവന്നൂരില്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

  വായ്പ തിരിച്ചടക്കാനാകാത്ത മനോവിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹാവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു.

  പന്തീരാങ്കാവ് യുഎപിഎ കേസ് ; താഹ ഫസലിന് ജാമ്യം

  പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതി താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യം സുപ്രിംകോടതി തള്ളി. അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.സുപ്രിംകോടതിയുടെ നടപടി എൻ ഐ എയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ്‌ നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങൾ എൻ ഐ എ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു.

  സംസ്ഥാനത്തെ സ്ത്രീസുരക്ഷയിൽ വീഴ്ച ; പ്രതിപക്ഷം നിയമസഭയിൽ

  സംസ്ഥാനത്തെ സ്ത്രീ സുരക്ഷയിൽ വീഴ്ചയെന്ന് അങ്കമാലി എം എൽ റോജി എം ജോണ്‍ നിയമസഭയിൽ . സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയെക്കാള്‍ ഭീകരമായ അവസ്ഥയിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും പീഡന പരാതികളും. അതീവ ഗൗരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോണ്‍ പറഞ്ഞു.

  മുല്ലപ്പെരിയാർ ഡാം തുറക്കൽ; ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു

  മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.15 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.

  പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നൽകരുതെന്ന് സർക്കാർ; ദത്ത് കേസിൽ കോടതി വിധി നവംബർ 2 ന്

  പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നവംബർ രണ്ടിന് കോടതി വിധി പറയും. പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നൽകരുതെന്നാണ് സർക്കാർ വാദം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അമ്മ നാട് നീളെ കുഞ്ഞിനെ തേടി അലഞ്ഞത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

  Story Highlights : Todays Headlines

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top