ഇന്നത്തെ പ്രധാനവാർത്തകൾ(07-11-21)
ജോജു ജോർജ് വിഷയം പരിഹരിക്കപ്പെടാത്തത് സിപിഐഎം കാരണം; കോൺഗ്രസ്
നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. മധ്യസ്ഥ ചർച്ചയ്ക്ക് സിപിഐഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണം. ഇതേതുടർന്ന് പരസ്യ പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.
ഇന്ധന നികുതി: ഇളവിന് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ
ഇന്ധന വില വർധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്ഥാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാർ പറഞ്ഞു. നിലപാട് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു.
കെഎസ്ആർടിസി പണിമുടക്ക്; നഷ്ടം 9.4 കോടി രൂപ: ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്
രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4 കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്കരണ ചർച്ച തുടരുമെന്ന് മാനേജമെന്റ് അറിയിച്ചു. ഡയസ്നോണിന്റെ കാര്യത്തിൽ സർക്കാർ തീരുമാനിക്കുന്നത് പോലെ ആയിരിക്കും തുടർ നടപടിയെന്നും മാനേജമെന്റ് വ്യക്തമാക്കി. 10 വർഷമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതുകൊണ്ടാണ് അവർ ഒരു സമരത്തിലേക്ക് പോയത്. 48 മണിക്കൂർ പണിമുടക്കിന് ശേഷം ഇന്ന് വീണ്ടും കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ-ബേബിഡാമിന് സമീപത്തെ മരംമുറിക്കൽ; അനുമതി നൽകിയത് സർക്കാർ അറിവോടെയല്ല: എ.കെ ശശീന്ദ്രൻ
മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കേണ്ട വിഷയമല്ല ഇതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുമതി നൽകിയത് വീഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ; സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ഗവേഷക
സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ എം ജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനി. എസ് സി-എസ് ടി കേസ് അട്ടിമറിച്ചത് സി പി ഐ എം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണവിധേയനെ നാളിതുവരെ സംരക്ഷിച്ചത് സി പി ഐഎമ്മാണെന്നും സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും പരതിക്കാരി കുറ്റപ്പടുത്തി.
ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്; നേതൃത്വം പറഞ്ഞാൽ കീഴടങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ
നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനം. നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രം കീഴടങ്ങുമെന്ന് പ്രതിപട്ടികയിലുള്ള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പ്രതിചേർക്കപ്പെട്ട പ്രമുഖ നേതാക്കൾ ഒളിവിലെന്ന് പൊലീസ് പറയുന്നു. എന്നാൽ പൊലീസിന്റെ ആരോപണം കോൺഗ്രസ് നിഷേധിച്ചു. പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ
കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ കണ്ണൂർ പൊലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. അല്പ സമയത്തിനകം ഇയാളെ കോടതിയിൽ ഹാജരാക്കും.
പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർ കേൾക്കാൻ തയാറാകണമെന്ന് ഗവേഷക വിദ്യാർത്ഥിനി
എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല അനുഭാവ പൂർവമായ സമീപനം സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ഇറാഖിൽ ഭീകരാക്രമണം; പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം
ഇറാഖിൽ ഭീകരാക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം. ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.
Story Highlights : Todays Headlines-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here