മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.65 അടിയാണ് നിലവിലെ ജലനിരപ്പ്. ( mullaperiyar dam water level increase )
ഇന്നലെ വൈകിട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത മഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇതേ തുടർന്നാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. 900 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
അതേസമയം, ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ഇനിയും പെയ്ത് നീരൊഴുക്ക് ശക്തമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളിൽ യെല്ലോ അലേർട്ട്. നാളെ എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.
Read Also : മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നു
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കോമറിൻ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായി ചക്രവാത ചുഴി നിലനിൽക്കുന്നു. നാളെ ഇത് അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ നാളെയോടെപുതിയ ന്യൂനമർദ്ദവും രൂപപ്പെടാൻ സാധ്യത. ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രംപ്രവചിക്കുന്നു.
Story Highlights : mullaperiyar dam water level increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here