ഇന്നത്തെ പ്രധാന വാർത്തകൾ ( 11-02-2022)
കെ.ടി.ജലീലിന് മറുപടിയുമായി ലോകായുക്ത ( feb 11 news round up )
ലോകായുക്തയ്‌ക്കെതിരായ മുന്‍മന്ത്രി കെ.ടി.ജലീലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ‘വഴിയരികള്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍ പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും. നമുക്കതില്‍ കാര്യമില്ലല്ലോയെന്നും’ ലോകായുക്ത പരിഹാസം. ഫെയ്‌സ്ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രത്യക്ഷമായി മറുപടി പറയേണ്ടതില്ല. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ഹര്‍ജികള്‍ പരിഗണിക്കവെ പരാമര്‍ശിച്ചു. ലോകായുക്തയ്‌ക്കെതിരേ നിരന്തരം കെ.ടി.ജലീല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നി പശ്ചാത്തലത്തിലാണ് പുതിയ പരാമര്‍ശം പുറത്തു വന്നിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മനപ്പൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് സെബിത്തിന്റെ സഹോദരന്‍ ശരത്ത്
പാലക്കാട് കുഴല്‍മന്ദത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് മരിച്ച സെബിത്തിന്റെ സഹോദരന്‍ ശരത്ത് ട്വന്റിഫോറിനോട് വെളിപ്പെടുത്തി. സംഭവത്തിന് തൊട്ടുമുന്‍പ് മരിച്ച യുവാക്കളും കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാരും പറയുന്നു. ഇക്കാര്യം ഉള്‍പ്പടെ പൊലീസ് അന്വേഷിക്കണമെന്നാണ് മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം.
ബാബു ആശുപത്രി വിട്ടു; സ്വീകരിച്ച് നാട്ടുകാരും ബന്ധുക്കളും
മലമ്പുഴ ചെറാട് മലയിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ബാബുവിനെ സ്വീകരിച്ചത്. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ബാബുവിനെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തത്.
സില്‍വര്‍ ലൈന്‍ പദ്ധതി, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സത്യദീപം
സില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സില്‍വര്‍ ലൈനില്‍ പിണറായി സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോ ലൈനെന്നാണ് വിമര്‍ശനം.
‘യുപി കേരളമാകുന്നത് സ്വാഗതം ചെയ്യുകയാണ് വേണ്ടത്’; യോഗിക്ക് മറുപടിയുമായി യെച്ചൂരി
കേരളത്തെ കുറിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുപി കേരളമാകുന്നത് അപകടമല്ല, അതിനെ സ്വാഗാതം ചെയ്യുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ഉത്തരാഖണ്ഡിൽ കോൺഗ്രസ് അനുകൂല അന്തരീക്ഷം; ഹരീഷ് റാവത്ത് ട്വന്റിഫോറിനോട്
ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്. കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ട്വന്റിഫോറിനോട്. ജനം മാറ്റം ആഗ്രഹിക്കുന്നു. ബിജെപിയുടെ വികസന നേട്ടങ്ങൾ പൊള്ളയായ വാദങ്ങളാണെന്നും,ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് തന്നെ ലഭിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
Story Highlights: feb 11 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here