Advertisement

ഉത്തരാഖണ്ഡ് രൂപീകൃതമായിട്ട് 21 വര്‍ഷം; ഭരിച്ചത് 10 മുഖ്യമന്ത്രിമാര്‍, അഞ്ചു വര്‍ഷം തികച്ചത് എന്‍.ഡി.തിവാരി മാത്രം

March 10, 2022
Google News 1 minute Read

ഉത്തരാഖണ്ഡില്‍ സംസ്ഥാനത്തെ പതിവ് തെറ്റിച്ച് ബിജെപിക്ക് അധികാര തുടര്‍ച്ച ലഭിച്ചെങ്കിലും മുഖ്യമന്ത്രിമാര്‍ അഞ്ച് വര്‍ഷം വാഴില്ലെന്ന പതിവും പുഷ്‌കര്‍ സിംഗ് ധാമിയിലൂടെ ആവര്‍ത്തിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായിട്ട് 21 വര്‍ഷങ്ങളാണ് ആയത്. ഇതിനിടയില്‍ 10 മുഖ്യമന്ത്രിമാര്‍ സംസ്ഥാനം ഭരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എന്‍.ഡി.തിവാരിക്ക് മാത്രമാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനായത്.

അധികാര തുടര്‍ച്ച ലഭിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ തോല്‍വി ബിജെപിക്ക് തിരിച്ചടിയായി. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്. ഇത് മൂന്നാം തവണയാണ് ഖതിമ സീറ്റില്‍ നിന്നും പുഷ്‌കര്‍ സിംഗ് ധാമി മത്സരിക്കുന്നത്. നേരത്തേ 2017 ല്‍ 2709 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ധാമി വിജയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുള്ള ധാമിയുടെ ആദ്യ പോരാട്ടമായിരുന്നു ഇക്കുറി നടന്നത്. തുടക്കത്തില്‍ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് ഓരോ ഘട്ടത്തിലും ധാമി പിന്നോട്ട് പോകുകയായിരുന്നു.

2017 ല്‍ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി. എന്നാല്‍ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബിജെപി പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ തീരത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നു. പിന്നാലെയാണ് പുഷ്‌കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കുന്നത്.

Read Also : ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്; ഭരണത്തുടർച്ച ചരിത്രത്തിൽ ആദ്യം

യുവ നേതാവായ ധാമിയിലൂടെ വന്‍ തിരിച്ചുവരവായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. കൂറ്റന്‍ വിജയം എന്ന ആഗ്രഹം നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചെങ്കിലും ധാമിയുടെ പരാജയം ബിജെപിക്ക് കല്ലുകടിയായി. അതേസമയം ഇതാദ്യമായല്ല ഉത്തരാഖണ്ഡില്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയം രുചിക്കുന്നത്. 2017 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഹരീഷ് സിംഗ് റാവത്ത് പരാജയപ്പെട്ടിരുന്നു. അന്ന് രണ്ട് മണ്ഡലത്തിലായിരുന്നു റാവത്ത് മത്സരിച്ചിരുന്നത്. ഉദ്ദം സിംഗ് ജില്ലയിലെ കിച്ച മണ്ഡലത്തിലും ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തിലും. എന്നാല്‍ ഇവിടെ രണ്ടിടത്തും അദ്ദേഹം തോല്‍വി രുചിച്ചു.

2012 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. അതേസമയം ഹരീഷ് റാവത്തും ഇത്തവണ പരാജയപ്പ്‌പെട്ടു. ലാല്‍കുവ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ സിങ് ബിഷ്ടിനോടാണ് പരാജയപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ഹരിഷ് റാവത്ത് ബഹുദൂരം പിന്നിലായിരുന്നു. അതിനിടെ പുഷ്‌കര്‍ സിംഗ് ധാമി പരാജയപ്പെട്ടതോടെ അടുത്തത് മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

Story Highlights: Uttarakhand cm history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here