Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (17-03-22)

March 17, 2022
Google News 1 minute Read

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ തോതിലുമുള്ള വേനൽ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും

തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ ടോൾ നൽകണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നാണ് ബസ് ഉടമകളുടെ തീരുമാനം. ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം.

ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി; കെഎസ്ആർടിസിയിൽ പ്രതിസന്ധി

കെഎസ്ആർടിസിയെ വന്‍ പ്രതിസന്ധിയിലാക്കി പൊതു മേഖല എണ്ണക്കമ്പനികൾ ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് 21.10 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ ലിറ്ററിന് 121.35 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്. നേരത്തെ 7 രൂപ കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും അനാസ്ഥ; ആളുമാറി മൃതദേഹം സംസ്‌കരിച്ചു; ‘സംസ്‌കരിക്കപ്പെട്ട’ ആള്‍ മരിച്ചത് കഴിഞ്ഞദിവസം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും അനാസ്ഥ. മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞദിവസവും. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വവെച്ചാണ് മൃതദേഹം മാറിയത്.

വധഗൂഢാലോചനാ കേസ്; സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്; വീട്ടിൽ റെയ്ഡ്

വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.

രാജ്യത്ത് 2,539 പുതിയ കൊവിഡ് കേസുകൾ; 60 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,01,477 ആയി. രോഗബാധിതരായിരുന്ന 4491 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 പുതിയ കൊവിഡ് മരണങ്ങളോടെ മരണസംഖ്യ 5,16,132 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 30,799 പേരാണ്.

ഡബ്ലിയു.സി.സിക്ക് അനുകൂലവിധി; ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം

സിനിമാ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ലിയു.സി.സി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടി വേണമെന്നും അവരുടെ പരാതികൾ പരിഹരിക്കാൻ സമിതി അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

കെടി ജലീൽ അധിക്ഷേപിച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. കെടി ജലീൽ എംഎൽഎ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമെന്ന് എംഎൽഎ പറഞ്ഞു എന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.

സിൽവർ ലൈനിനെതിരെ ചങ്ങനാശേരിയിൽ പ്രതിഷേധം; കിടപ്പാടത്തിനായി മരിക്കാനും തയ്യാറെന്ന് പ്രതിഷേധക്കാർ

സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തുകയായിരുന്നു.

കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ല; സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി

കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെ എസ് ഇ ബി ചെയർമാൻ പറഞ്ഞിട്ടില്ല. നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുൻ‌കൂർ അംഗീകാരം വേണമെന്ന വ്യവസ്ഥയില്ല. താരിഫിൽ ചെലവ് ഉൾപ്പെടുത്താനാണ് അനുമതി വേണ്ടതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിയമസഭയിൽ രേഖാമൂലമാണ് മന്ത്രി മറുപടി നൽകിയത്. ആറായിരത്തോളം പേരെ അനധികൃതമായി നിയമിച്ചെന്ന ആരോപണത്തിനാണ് മന്ത്രിയുടെ മറുപടി.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here