Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (30-03-2022)

March 30, 2022
Google News 1 minute Read
march 30 news round up

ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം; മിനിമം ചാര്‍ജ് 10 രൂപ ( march 30 news round up )

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ വർധന

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.കേന്ദ്രസർക്കാരിന് 9544.50 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെയുണ്ടാകും.

അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ ബിജെപി ഗുണ്ടകളെന്ന് മനീഷ് സിസോദിയ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം. സിസിടിവി ക്യാമറകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.

കൊല്ലത്ത് കല്ലിടല്‍ ത‍ടഞ്ഞു; നടപടി ക്രമങ്ങൾ താത്കാലികമായി നിർത്തി

കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രതിഷേധത്തെ തുടർന്നാണ് ഇന്നത്തെ കല്ലിടൽ നിർത്തിവച്ചത്. തഴുത്തലയില്‍ പ്രതിഷേധ സ്ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ്; അപ്പീൽ പോകാൻ സർക്കാർ അനുമതി

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ അപ്പീൽ പോകാൻ സര്‍ക്കാര്‍ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സിൽവർലൈൻ പദ്ധതി; സമരം സുപ്രിംകോടതിക്കെതിരെ; യുഡിഎഫ് പിൻമാറണം; കോടിയേരി

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രിംകോടതി വരെ പറഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്ന സമരം സുപ്രിംകോടതിക്കെതിരെയാണ്. ഇത് മനസിലാക്കി യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല

മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്.

അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎൻടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ലോകായുക്ത ഓർഡിൻസ് പുതുക്കി ഇറക്കാനും തീരുമാനം

സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ലോകായുക്ത ഓർഡിൻസ് പുതുക്കിയിറക്കാനും മന്തിസഭാ യോഗം തീരുമാനിച്ചു. ഓർഡിൻസ് പുതുക്കിയിറക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ രംഗത്തെത്തി. സിപിഐക്ക് വ്യത്യസ്ത നിലപാടാണ് എന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. എന്നാൽ വിഷയം നിയമസഭയിൽ ബില്ല് ആയിട്ട് വരുമ്പോൾ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതികരിച്ചു.ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിൽ സുഹൃത്ത് ശരത്തിനെ കൂട്ടുപ്രതിയാക്കും. ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേർക്കുക. ശരത്തിനെ വൈകീട്ട് വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.

ഫോൺ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ്; ശബ്ദ സാമ്പിളുകളിൽ രണ്ടെണ്ണം തന്റേതെന്നും മൊഴി

വധഗൂഢാലോചനക്കേസിൽ നിർണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴിനൽകി. അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബാലചന്ദ്ര കുമാറിൻ്റെ വാക്കുകൾ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിർത്തരുത്. ബാലചന്ദ്രകുമാർ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകൾ മാത്രമാണ്. ശബ്ദ സാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് തൻ്റേത് എന്നും ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു.

ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധന വിലവർധനവ്

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില ഇന്ന് വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 6 രൂപ 10 പൈസയാണ് ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 112.47ഉം ഡീസലിന് 98.93 രൂപയുമായി. എറണാകുളത്ത് 110.3, 97.33, കോഴിക്കോട് 110.58, 97.61 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.

Story Highlights: march 30 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here