ഇന്നത്തെ പ്രധാന വാർത്തകൾ ( 31-03-2022 )
മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ല; എ.കെ. ശശീന്ദ്രൻ ( march 31 news round up )
മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്ത്. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
”പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുന്നു” യു.ഡി.എഫിനെതിരെ മാണി സി കാപ്പൻ
ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്നിട്ടും പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎൽഎയും നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ സി കെ) നേതാവുമായ മാണി സി കാപ്പൻ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പൻ, മുന്നണിയിലെ നിലവിലെ സ്ഥിതിയിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എൻസിപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി കാപ്പൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമർശനങ്ങൾ.
‘ഒരിക്കൽ ലഹരിമാഫിയയുടെ കണ്ണിയായാൽ അതിൽ നിന്ന് പുറത്തു വരാൻ പ്രയാസമാണ്’; വിദ്യാർത്ഥി 24നോട്
സംസ്ഥാനത്തെ ലഹരി കടത്തിൽ വെളിപെടുത്തലുമായി വിദ്യാർത്ഥി. മുംബൈ തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നു. കെമിക്കൽ ലഹരികൾ എത്തിക്കുന്നത് ഗോവയിൽനിന്ന്. പതിനാറാം വയസ്സു മുതൽ ലഹരി കടത്തിന്റെ ഭാഗമായിരുന്നുവെന്നും വിദ്യാർത്ഥി ട്വന്റിഫോറിനോട് വെളിപ്പെടുത്തി. 24 അന്വേഷണ പരമ്പര ലഹരി വഴിയിലെ കുട്ടിക്കടത്തുകാർ.
ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്
രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നതില്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം. എംപിമാരായ വി കെ ശ്രീകണ്ഠന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നോട്ടിസ് നല്‍കിയത്. പാര്‍ലമെന്റിന് സമീപം കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതേസമയം, മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്.
ലീഗ് കൗണ്‍സിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.
മഞ്ചേരിയിലെ കൗൺസിലറെ കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി
മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു. ഇതിനൊപ്പം വർധിപ്പിച്ച ആന്വിറ്റിയായ 10 കോടിയും ഇതുവരെ നൽകിയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ബജറ്റിൽ ഗ്രാന്റ് പ്രഖ്യാപിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ നാളെ മുതൽ അഞ്ചാം തീയതിവരെ കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേള (ആർ.ഐ.എഫ്.എഫ്.കെ) സംഘടിപ്പിക്കും. രാവിലെ 9ന് സരിത തിയേറ്ററിൽ നടക്കുന്ന പരിപാടി നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരൻ എൻ.എസ്. മാധവൻ മുഖ്യാതിഥിയാകും.
സാമ്പത്തിക തട്ടിപ്പ് ; സായ് ശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് സായ് ശങ്കർ. വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് തട്ടിയെടുത്തെന്നാണ് കേസ്.
ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേൽ ഇന്ന് പാക് പാർലമെന്റിൽ ചർച്ച തുടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ, രാജി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് ഇമ്രാൻ ഖാൻ ഇന്നലെ പിന്മാറിയിരുന്നു.
Story Highlights: march 31 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here