Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-04-22)

April 26, 2022
Google News 2 minutes Read

ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം; 44 ബില്യണ്‍ ഡോളറിന് കരാര്‍ ഉറപ്പിച്ചു

ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിച്ച് സമൂഹമാധ്യമമായ ട്വിറ്റര്‍. 43 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് കരാര്‍. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400 കോടി ഡോളറിനാണ് ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്കെത്തുന്നത്. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറുകയാണ്. കരാറിന് അംഗീകാരം നല്‍കാന്‍ കമ്പനി ഉടന്‍ ഓഹരി ദാതാക്കളോട് ആവശ്യപ്പെടും.

കണ്ണൂർ സർവകലാശാല പരീക്ഷാ പേപ്പർ ആവർത്തനം; പരീക്ഷാ കൺട്രോളർ രാജി വെയ്ക്കേണ്ടെന്ന് സിപിഐഎം

കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ രാജി വെയ്ക്കേണ്ടെന്നും അവധിയിൽ പോയാൽ മതിയെന്നും നിർദേശിച്ച് സിപിഐഎം. എട്ട് ദിവസത്തേയ്ക്കാണ് പിജെ വിൻസെന്റ് അവധിയിൽ പ്രവേശിക്കുന്നത്. പരീക്ഷാ പേപ്പർ ആവർത്തന വിവാദത്തെ തുടർന്ന് പിജെ വിൻസെന്റ് രാജിസന്നദ്ധത അറിയിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തിയാണ് രാജി വേണ്ടെന്ന് നിർദേശം നൽകിയത്.

സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; വിയോജിപ്പുമായി അലോക് വർമ്മ

സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്.

ശിവഗിരി തീർത്ഥാടന നവതി ആഘോഷം; മലയാളത്തിൽ പ്രസം​ഗിച്ച് മോദി

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ പ്രസം​ഗത്തിന് തുടക്കമിട്ടത് കൗതുകമായി. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ​ഗുരുദേവനെന്ന് മോദി പറഞ്ഞു. ​ഗുരുദേവൻ ജനിച്ച കേരളം പുണ്യഭൂമിയാണ്. ശിവ​ഗിരിയാണ് കേരളത്തിന്റെ പുരോ​ഗതിക്ക് നേതൃത്വം നൽകുന്നത്. മതത്തെ കാലോചിതമായി പരിഷ്കരിച്ച വ്യക്തിയാണ് ശ്രീനാരായണ ​ഗുരുദേവൻ. വർക്കല ശിവ​ഗിരി ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണെന്നും മത ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചോർന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന ‘ എ ഡയറി’ രഹസ്യരേഖയല്ല : കോടതി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. അന്വേഷണ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ചു. ( court documents didnt leak says court )

കെ.വി തോമസിനെതിരെ സസ്‌പെൻഷൻ നടപടിയില്ല

കെ.വി തോമസിനെതിരെ സസ്‌പെൻഷൻ നടപടിയില്ല. പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്താനാണ് തീരുമാനം. കെ.വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. സുനിൽ ജാക്കറിന് രണ്ടുവർഷത്തേക്ക് സസ്‌പെൻഷനും അച്ചടക്ക സമിതി ശുപാർശ ചെയ്തു.

ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റ് : ബി സന്ധ്യ

ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റെന്ന ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. ജില്ലാ ഫയർ ഓഫിസർ അന്വേഷണം നടത്തിയെന്നും വൈകിയതിൽ ഫയർഫോഴ്‌സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു. ( b sandhya about john paul )

‘സ്ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും; പക്ഷേ എന്നും കോൺഗ്രസുകാരനായിരിക്കും’ : കെ.വി തോമസ്

അച്ചടക്ക നടപടിയിൽ പ്രതികരണവുമായി കെ.വി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്ന് കെ.വി തോമസ് പറഞ്ഞു. സ്ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും. കോൺഗ്രസ് എന്നാൽ തനിക്ക് വികാരമാണെന്നും താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

മർദനമേറ്റ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീ​ഗ് നേതാക്കളുടെ സൈബർ ആക്രമണം

മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീ​ഗിന്റെ പ്രാദേശിക നേതാക്കളുടെ സൈബർ ആക്രമണം. കരിങ്കലത്താണി സ്വദേശിനികളായ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവർക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ലൈം​ഗിക ചുവയോടെയുള്ള സൈബർ ആക്രമണം നടക്കുന്നത്. ലീ​ഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തിൽ യുവതികൾക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികൾ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ഡ്രൈസിങ്ങിനെപ്പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ഫേക്ക് ഐഡികളിലൂടെ കമന്റുകൾ വരുകയാണെന്ന് യുവതികൾ പറയുന്നു.

ബിഡിജെഎസ് പിളർന്നുണ്ടായ ബിജെഎസ് ബിജെപിയിൽ ലയിക്കാനൊരുങ്ങുന്നു

ബിഡിജെഎസ് പിളർന്നുണ്ടായ ഭാരതീയ ജനസേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവരുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് ഭാരതീയ ജനസേന വർക്കിം​ഗ് പ്രസിഡന്റ് വി ​ഗോപകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here