Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 31-05-2022)

May 31, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിൽ

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ തൃക്കാക്കരക്കാർ ഇന്ന് പോളിംഗ് ബൂത്തിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ തന്നെ പൂർത്തിയായിട്ടുണ്ട്. കള്ളവോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പ്രാഥമികമായി പൊലീസ് നൽകുന്ന വിവരം.

അബ്ദുൾ ലത്തീഫിന് ലീ​ഗുമായി ബന്ധമില്ല : കെപിഎ മജീദ്

ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തിക്ക് ലീ​ഗുമായി ബന്ധമില്ലെന്ന് കെപിഎ മജീദ്. ആരോപണം തള്ളി യുഡിഎഫും രം​ഗത്ത് വന്നു. തെരഞ്ഞെടുപ്പ് ദിവസം വിഷയം കത്തിക്കാനുള്ള ശ്രമമാണെന്നും പിടിയിലായ വ്യക്തിക്ക് ലീ​ഗുമായി ബന്ധമുണ്ടെന്ന ആരോപണം കള്ളക്കഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

“പൊന്നാപുരം കോട്ട മുൻപ് തകർക്കപ്പെട്ടിട്ടുണ്ട്, ഇക്കുറി അത് ആവർത്തിക്കും”; ഡോ. ജോ ജോസഫ്

തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. മുൻപും പൊന്നാപുരം കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി അത് ആവർത്തിക്കപ്പെടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചുകഴിഞ്ഞാൽ എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (jo joseph thrikkakkara election)

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണം; എം സ്വരാജ്

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടിയതോടെ യുഡിഎഫിനെ കടന്നാക്രമിച്ച് എം സ്വരാജ്. നാണവും മാനവുമുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയിൽ പെൺജീവൻ ബലിയാടാകുന്നു’; കെ സുധാകരൻ

സ്ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇടുക്കിയിൽ നടന്ന ദാരുണ സംഭവം, ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്. പിണറായി വിജയൻ്റെ പിടിപ്പുകേടിനും കഴിവില്ലായ്മയ്ക്കും ഇനിയുമെത്ര പെൺജീവനുകൾ ബലിയാടാകണമെന്ന് അദ്ദേഹം ചോദിച്ചു.

‘പോളിംഗ് ദിനത്തില്‍ സിപിഐഎം മെനഞ്ഞ കള്ളക്കഥ’; വ്യാജ വിഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് വി ഡി സതീശന്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോളിംഗ് ദിനമായതിനാല്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണെന്ന് വി ഡി സതീശന്‍ ആരോപിക്കുന്നു. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പൊലീസ് കൂടി കള്ളം പറയുന്നു. പോളിംഗ് തുടങ്ങിയ സമയത്ത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഐഎം കള്ളക്കഥ മെനയുന്നത്. ആളുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്. ജൂൺ രണ്ടിന് ഹാർദിക് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. താൻ ബിജെപിയിൽ ചേരില്ലെന്ന് കഴിഞ്ഞ ദിവസം ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. ഇതിനു വിപരീതമാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement