ചെരുപ്പ് വാങ്ങാൻ പണമില്ല, ചുട്ടുപൊള്ളുന്ന റോഡിലൂടെ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി മക്കൾക്കൊപ്പം നടക്കുന്ന ഒരമ്മ

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. കനത്ത ചൂടിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചുട്ടുപൊള്ളുന്ന റോഡിലൂടെ നടക്കുന്ന മക്കൾക്ക് ചെരുപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി നൽകിയിരിക്കുകയാണ് ഒരമ്മ.(Unable to afford shoes, woman wraps plastic around kids’ feet to shield them from hot roads)
മെയ് 21ന് പ്രാദേശിക മാധ്യമപ്രവർത്തകൻ ഇൻസാഫ് ഖുറേഷി പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ ഒരു ആദിവാസി സ്ത്രീയും മക്കളും നട്ടുച്ചയ്ക്ക് ചുട്ടുപൊള്ളുന്ന റോഡിലൂടെ നടക്കുന്നത് ചിത്രത്തിൽ കാണാം. കാലിൽ ചെരുപ്പിന് പകരം പോളിത്തീൻ ബാഗുകൾ ചുറ്റിയാണ് നടത്തം. ഇവരുടെ അവസ്ഥ കണ്ട ഖുറേഷി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. രുക്മിണി എന്നാണ് യുവതിയുടെ പേര്. ചെരുപ്പ് വാങ്ങാൻ പണമില്ലാത്തതിനാലാണ് ഇവർക്ക് ഈ മാർഗം സ്വീകരിക്കേണ്ടി വന്നതെന്നും ഖുറേഷി പറയുന്നു.
സഹരിയ ആദിവാസി വിഭാഗത്തിൽപ്പെട്ട രുക്മിണി തന്റെ മോശം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റിപ്പോർട്ടറോട് വിശദീകരിച്ചു. കടുത്ത ദാരിദ്ര്യത്തിലാണ് കുടുംബം. അടുത്തിടെ ഭർത്താവ് ക്ഷയരോഗം ബാധിച്ച് കിടപ്പിലായി. ഇത് സ്ഥിതി കൂടുതൽ വഷളാക്കി. താൻ ഇപ്പോൾ നഗരത്തിൽ തൊഴിൽ തേടുകയാണ്. തന്റെ മൂന്ന് മക്കളെ നോക്കാൻ ആരുമില്ലാത്തതിനാൽ ഇവരെയും കൂടിയാണ് തൊഴിൽ അന്വേഷിക്കയുന്നതെന്നും രുക്മിണി ഖുറേഷിയോട് പറഞ്ഞു.
രുക്മിണിയെപ്പോലുള്ള അമ്മമാർ നമുക്ക് ചുറ്റുമുണ്ട്, ഇവരെ സഹായിക്കാൻ സുമനസുകൾ തയ്യാറാകണമെന്നും ചിത്രം പങ്കുവച്ച് ഖുറേഷി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. കുടുംബത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തര സഹായം നൽകുമെന്ന് ഉറപ്പ് നൽകി.
Story Highlights: woman wraps plastic around kids’ feet to shield them from hot roads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here