വൈവിധ്യങ്ങളാൽ സമ്പന്നം ; ‘എന്റെ കേരളം ‘ പ്രദർശന വിപണന മേളയ്ക്ക് കണ്ണൂരിൽ സമാപനം

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്ന മേളയിലെ സ്റ്റാളുകളിൽ നിരവധിപേരാണ് സന്ദർശിച്ചത്.എന്റെ കേരളം പ്രദർശനമേളയിൽ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി പൊതുവിദ്യാഭ്യാസ വകുപ്പും മാറി.അക്കാദമിക് പ്രവർത്തനങ്ങളുടെ നേർസാക്ഷ്യങ്ങളുമായാണു വിദ്യാർഥികളും അധ്യാപകരും എത്തിയത്. വിവിധ ഉപജില്ലകളുടെ നേതൃത്വത്തിലായിരുന്നു ഓരോ ദിവസത്തെയും അവതരണം. കുട്ടികളുടെ അക്കാദമിക് മികവുകളുടെ അവതരണം വേറിട്ടതായി. തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, സംയുക്ത ഡയറി, സചിത്ര പാഠപുസ്തകം, നൈപുണി വിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, കൈറ്റ്, ഡയറ്റ് തുടങ്ങിയവയെല്ലാം പ്രദർശന സ്റ്റാളിന്റെ വൈവിധ്യത്തിനു നിറപ്പകിട്ടേകി. ഇതിനോടനുബന്ധിച്ച് ജിഎച്ച്എസ്എസ് ചുണ്ടങ്ങാപൊയിൽ അവതരിപ്പിച്ച് ലഹരി വിരുദ്ധ നൃത്തശിൽപവും അരങ്ങേറി.
സ്വന്തമായൊരു സംരംഭം എന്ന് ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും വ്യവസായ വാണിജ്യ വകുപ്പും നൽകി.സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പിഎംഎഫ്എംഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ ഒട്ടേറെ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങളാണ് നൽകിയത്.
സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം തുടങ്ങിയ വിവരങ്ങളെല്ലാം വ്യവസായ വാണിജ്യ വകുപ്പ് നൽകി.
പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള ‘കാരവൻ’ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറി. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചത്. പ്രിമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ 4 റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, അവൻ, ഫ്രിജ്, ഇൻഡക്‌ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
Story Highlights : ‘Ente Keralam ‘ exhibition and marketing fair concludes in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here