ഇന്നത്തെ പ്രധാന വാർത്തകൾ (31-03-2019)

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡും തീരുമാനം അംഗീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.

വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയാകും. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
എൽഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ കെ മുരളീധരനോട് മത്സരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചത്. എന്നാൽ അന്ന് മുരളീധരൻ സന്നധത അറിയിച്ചിരുന്നില്ല. എന്നാൽ പിന്നീട് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിരുന്നു.

‘ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

ഞാനും കാവൽ എന്ന ക്യാംപെയിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ജനങ്ങളുമായി സംവദിച്ചു. ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.രാജ്യത്തിലെ 500 കേന്ദ്രൾ പരിപാടിയക്കായി ഒരുക്കിയിരുന്നു. രാജ്യത്തിലെ വിവിധ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകി.

വയനാട് സ്ഥാനാര്‍ത്ഥിത്വം; അന്തിമ തീരുമാനം അമിത് ഷായുടേതെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം അമിത് ഷായുടേതെന്ന് ബിഡിജെഎസ്. സംസ്ഥാന അധ്യക്ഷനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. ഇതുവരെ താന്‍ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാണെന്നും ഇതില്‍ മാറ്റമുണ്ടാകുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് ബിജെപി. ദേശീയ അധ്യക്ഷനാണെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാര്‍; വിജയത്തില്‍ ആശങ്കയില്ലെന്ന് പിണറായി വിജയന്‍

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണ്. രാഹുല്‍ ഗാന്ധി എത്തുന്നതോടെ മത്സരം ഇടതിനെതിരാണെന്ന് വ്യക്തമായി. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ ആണെന്നു പറയുന്നവര്‍ കേരളത്തില്‍ ഇടതിനെതിരെയാണ് മത്സരിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരാണെന്ന് ആരെങ്കിലും പറയുമോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ട്രഷറികള്‍ ഇന്ന് നിശ്ചലം

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഇന്ന് ട്രഷറികള്‍ നിശ്ചലമാകും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ട്രഷറി നിശ്ചലമാകുന്നത് അസാധാരണമാണ്. പണമില്ലാതെ ട്രഷറികള്‍ കാലിയായതാണ് പ്രതിസന്ധിക്കു കാരണം. എന്നാല്‍ ഇടപാടുകള്‍ നടന്ന ഇന്നലെ മാത്രം 4500 കോടിയുടെ ബില്ലുകള്‍ക്ക് പണം അനുവദിച്ചു.

ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല

മുന്‍ ഡിജിപി ജേക്കബ്തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ നാലിന് മുമ്പ്സ്വയം വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായത്. ഇതോടെ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മുന്നണിയും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്ന കാര്യം പരിശോധിക്കുമെന്ന നിലപാടിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top