ഇന്നത്തെ പ്രധാന വാർത്തകൾ

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; അന്വേഷണ സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ ആരോപണം അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി. ചീഫ് ജസ്റ്റിസ് കുടുംബാംഗത്തെപ്പോലെ കാണുന്ന ജസ്റ്റിസ് എൻ.വി രമണ അംഗമായ സമിതിയുടെ അന്വേഷണം നീതിപൂർവ്വമായിരിക്കില്ലെന്ന ആശങ്ക പരാതിക്കാരി സമിതിയംഗങ്ങൾക്ക് അയച്ച കത്തിൽ പ്രകടിപ്പിച്ചു.

 

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യം; പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകി. 21 പ്രതിപക്ഷ പാർട്ടികളാണ് പുനപരിശോധന ഹർജി നൽകിയത്.ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണാൻ ആയിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

 

കേരളത്തിൽ റെക്കോർഡ് പോളിംഗ്, 77.68 ശതമാനം; എട്ടിടത്ത് 80 ശതമാനം കടന്നു

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ മൂന്നാംഘട്ടത്തിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. 77.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2014-ൽ 74.02 ശതമാനമായിരുന്നു പോളിംഗ്. 2009-ൽ 73.37 ശതമാനവും.രാവിലെ ഏഴുമണി മുതൽ പോളിംഗ് ബൂത്തുകളിൽ തുടങ്ങിയ തിരക്ക് പലയിടങ്ങളിലും രാത്രി വൈകിയും അനുഭവപ്പെട്ടു.

 

മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.വി.ശിവന്‍കുട്ടിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ശ്രീധരന്‍പിള്ളക്ക് നോട്ടീസയച്ചത്.

 

കെവിൻ വധക്കേസ് വിചാരണാ നടപടികൾ ആരംഭിച്ചു; പ്രതികൾ എത്തിയത് വെള്ള വസ്ത്രം ധരിച്ച്; മൂന്ന് പ്രതികളെ തിരിച്ചറിയാനായില്ല

കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ആരംഭിച്ചു. പ്രധാന സാക്ഷിയായ അനീഷിന്റെ വിസ്താരം ആണ് തുടങ്ങിയത്. ഒന്നാംപ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ ഏഴു പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. എന്നാൽ അഞ്ചാം പ്രതി ചാക്കോ അടക്കം മൂന്ന് പേരെ തിരിച്ചറിയാനായില്ല. പ്രതികൾ എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് കോടതിയിൽ ഹാജരായത്.

 

തകർത്തടിച്ച് ഡിവില്ലിയേഴ്‌സ്; പഞ്ചാബിന് 203 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 203 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 44 പന്തിൽ നിന്നും 82 റൺസെടുത്ത് പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങാണ് ബാംഗ്ലൂരിന്റെ സ്‌കോർ ഇരുനൂറ് കടത്തിയത്.

 

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More