Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

July 9, 2019
Google News 1 minute Read

നെടുങ്കണ്ടം കസ്റ്റഡി മരണം; എഎസ്‌ഐ റെജിമോന്റെയും ഡ്രൈവർ നിയാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പ്രതികളായ എഎസ്‌ഐ റെജിമോന്റെയും ഡ്രൈവർ നിയാസിന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപെടുത്തി. രാജ്കുമാറിനെ മർദിക്കാനുപയോഗിച്ച ലാത്തി ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. രണ്ട് പേരെയും വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

 

ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കം പരിഹരിക്കാൻ വീണ്ടും സർക്കാർ ശ്രമം; ഇരു സഭകളെയും ചർച്ചക്ക് വിളിച്ചു

ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കം പരിഹരിക്കാൻ വീണ്ടും സർക്കാർ ശ്രമം. ഇരു സഭകളെയും സർക്കാർ ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്താണ് ചർച്ച. അതേസമയം ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഓർത്തഡോക്‌സ് സഭ. സഭാതർക്കം പരിഹരിക്കാനായി സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപ സമിതിയാണ് ഓർത്തഡോക്‌സ്‌യാക്കോബായ വിഭാഗങ്ങളുമായി മധ്യസ്ഥ ചർച്ച നടത്തുന്നത്. മന്ത്രി ഇ പി ജയരാജനാണ് മന്ത്രിസഭാ ഉപസമിതിയുടെ തലവൻ.

 

കർണാടകയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; നിയമസഭാ കക്ഷിയോഗത്തിൽ യോഗത്തിൽ നിന്ന് 8 എംഎൽഎമാർ വിട്ടുനിന്നു

കർണാടകയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് വിളിച്ച നിയമസഭാ കക്ഷിയോഗത്തിൽ യോഗത്തിൽ നിന്ന് വിമതർക്കു പുറമേ എട്ട് എംഎൽഎമാർ കൂടി വിട്ടുനിന്നു. ഇതിൽ 5 എം എം എൽ എമാർ വിശദീകരണം നൽകി. കെ സുധാകർ , എം ടിബി നാഗരാജ്, രാജീവ് ഗൗഡ, തുക്കാറാം, ഫാത്തിമ എന്നിവരാണ് വിശദീകരണം നൽകിയത്. റോഷൻ ബേഗടക്കം 8 പേരാണ് വിട്ടു നിന്നത്.

 

സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി

സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ശ്രമം തുടങ്ങി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ആവശ്യത്തിന് ലൈൻ ഇല്ലാത്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു.

 

എസ്‌ഐയുടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നാംമുറ; പൊലീസ് ക്രൂരത വെളിപ്പെടുത്തി ശാലിനി

പൊലീസ് ക്രൂരത വെളിപ്പെടുത്തി ശാലിനി ട്വന്റിഫോറിനോട്. രാജ്കുമാറിനെ മർദ്ദിക്കുന്നതിന് സാക്ഷിയെന്ന് ശാലിനി പറഞ്ഞു. ഒന്നരക്കോടി രൂപ ചോദിച്ചായിരുന്നു മർദ്ദനം. എസ്‌ഐയുടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നാംമുറയെന്നും ശാലിനി പറഞ്ഞു. വനിതാ പൊലീസും മൂന്നാംമുറയ്ക്ക് കൂട്ടുനിന്നുവെന്നും ശാലിനി വെളിപ്പെടുത്തി.

 

തുന്നിച്ചേർത്ത് ടെയ്‌ലറും വില്ല്യംസണും; കളി മഴ മുടക്കിയപ്പോൾ ന്യൂസിലൻഡിന് 5 വിക്കറ്റുകൾ നഷ്ടം

ഇന്ത്യക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് അഞ്ചു വിക്കറ്റുകൾ നഷ്ടം. 46.1 ഓവർ എത്തി നിക്കെ മഴ പെയ്തതിനെത്തുടർന്ന് കളി താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. അർദ്ധസെഞ്ചുറികൾ നേടിയ വില്ല്യംസണും ടെയ്‌ലറുമാണ് കിവീസിനെ കൈപിടിച്ചുയർത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here