വയനാട്ടിൽ നടുറോഡിൽ ദമ്പതികൾക്ക് മർദനം; പ്രതി സജീവാനന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

വയനാട് അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൽപറ്റ ജില്ലാ സെഷൻസ് കോടതിയിലാണ് അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. അതേ സമയം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സജീവാനന്ദൻ കർണ്ണാടകയിലേക്ക് കടന്നെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ ഇയാൾ ജില്ല വിട്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

Read Also; വയനാട്ടിൽ നടുറോഡിൽ സ്ത്രീക്കും ഭർത്താവിനും ക്രൂരമർദനം; കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകി

കേസിൽ അറസ്റ്റ് വൈകരുതെന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സജീവാനന്ദനെ തളളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ഇയാൾ കോൺഗ്രസിന്റെ സജീവ പ്രവർത്തകനെന്ന വാദം തെറ്റാണെന്ന് ഭാരവാഹികൾ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർക്ക് ഞായറാഴ്ച രാത്രിയാണ് അമ്പലവയൽ ടൗണിൽ വെച്ച് മർദനമേറ്റത്. അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ സജീവാനന്ദൻ സ്ത്രീയെയും ഭർത്താവിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.

Read Also; നടുറോഡില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം; പ്രതി സജീവാനന്ദനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ആദ്യം ഭർത്താവിനെ മർദിച്ച സജീവാനന്ദൻ തുടർന്ന് ഇത് ചോദ്യം ചെയ്ത തമിഴ് യുവതിയുടെയും മുഖത്തടിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top