മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; മ്യൂസിയം എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

മാധ്യമ പ്രവര്‍ത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ മ്യൂസിയം എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. മ്യൂസിയം സി.ഐ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരുടേയും മൊഴിയെടുക്കും.

ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരുമെന്നാണ് സൂചന. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു മാറിയാലും ആശുപത്രി വിടാൻ ഉള്ള സാധ്യത കുറവാണ്.

അതേസമയം ഹൈക്കോടതിയും രൂക്ഷമായ വിമർശനം ഉന്നയിച്ചതോടെ മുഖം രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും
അതിന് അനുസൃത്യമായ നീക്കങ്ങൾപോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യം മറികടക്കാൻ തീവ്രനിലപാടുകളുമായി മുന്നോട്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

Read Also : ‘പൊലീസിന്റെ ചുമതല തെളിവ് ശേഖരിക്കലാണ്’; ശ്രീറാം കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സംഭവത്തില്‍ കുറ്റാരോപിതനായി സസ്പെന്‍ഷനില്‍ കഴിയുന്ന എസ് ഐയെ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്തിയത് എസ് ഐ ആണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ അപകടം നടന്ന സമയത്ത് തന്നെ മ്യൂസിയം സി ഐ സുനിലിനെ മൊബൈല്‍ ഫോണ്‍ വഴി വിവരം അറിയിച്ചുവെന്നും സി ഐ യുടെ നിര്‍ദേശ പ്രകാരമാണ് മുന്നോട്ട് നീങ്ങിയതെന്നുമാണ് ക്രൈം എസ് ഐ ജയപ്രകാശ് സിറ്റി പൊലീസ് കമ്മീഷണര്‍ ജിനേന്ദ്ര കശ്യപിന് നല്‍കിയ വിശദീകരണം. അതുകൊണ്ടു തന്നെ സി ഐ യുടെ മൊഴി കൂടി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.

ശ്രീരാമിനെ രക്ഷിക്കാൻ മ്യൂസിയം പോലീസ് വഴിവിട്ട ശ്രമങ്ങൾ നടത്തിയ എന്ന നിഗമനത്തിലാണ് സർക്കാർ.ഇക്കാര്യം നാളെ (വെള്ളിയാഴ്ച ) കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ് സർക്കാർ കേന്ദ്രങ്ങൾ.അതേസമയം കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമിനെതിരെ നിലപാട് കടുപ്പിക്കാനുള്ള ശ്രമത്തിലാണ്
മാധ്യമകൂട്ടായ്മകളും സിറാജ് മാനേജ്മെന്റും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top