Advertisement

ഇതാണ് വടകര റൂറൽ എസ്പി കെജി സൈമൺ പറഞ്ഞ ‘ഹരോൾഡ്’ എന്ന കൊലപാതകിയുടെ കഥ

October 5, 2019
Google News 1 minute Read

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നിരവധി നിർണായക വിവരങ്ങളാണ് വടകര റൂറൽ എസ്പി കെജി സൈമൺ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. രണ്ട് മാസമെടുത്ത്, മൂന്ന് റെയ്ഡുകൾ നടത്തി, 200 ഓളം പേരെ ചോദ്യം ചെയ്താണ് പൊലീസ് കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം പറയുമ്പോഴും കേരളത്തിന്റെ കാത് ഉടക്കി നിന്ന് കെജി സൈമൺ പറഞ്ഞ ‘ഹരോൾഡ് കഥ’യിലാണ്. ഹരോൾഡ് കൊലപാതകത്തെ ഓർമപ്പെടുത്തുന്നതാണ് കൂടത്തായി കൊലപാതകം എന്നാണ് വടകര റൂറൽ എസ്പി കെജി സൈമൺ പറഞ്ഞത്.

ലോക ജനതയുടെ മനസ്സിൽ ഏറ്റവും കൂടുതൽ ഭീതി നിറച്ച കഥകളിൽ ഒന്നാണ് ഹരോൾഡ് സ്‌റ്റോറി. അതുപോലെ തന്നെ കൂടത്തായി കൊലപാതക പരമ്പരയും ഇനി കേരള ജനതയുടെ ഉറക്കം കെടുത്തും. ഹരോൾഡ് എന്ന സീരിയൽ കൊലപാതകിയുടെ കഥ ഇങ്ങനെ :

ഹരോൾഡ് ഷിപ്മാൻ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കൊലയാളി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു..ഹരോൾഡ് ഷിപ്പ്മാൻ.

നോട്ടിംഗ്ഹാമിലെ ഒരു ലോറി ഡ്രൈവറുടെ മൂന്ന് മക്കളിൽ രണ്ടാമനായി ജനിച്ച ഹാരോൾഡ് ഫ്രഡറിക് ഷിപ്മാൻ, ലീഡ്‌സ് യൂണി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടിയ ശേഷം ജൂനിയർ ഡോക്ടർ ആയി യോർക്ക്‌ഷെയറിലെ ആശുപത്രികളിൽ കുറെ നാൾ ജോലി നോക്കിയിരുന്നു.

1963 ലാണ് ഹരോൾഡ് ഷിപ്മാന്റെ അമ്മ മരിക്കുന്നത്. ശ്വാസകോശ അർബുധമായിരുന്നു മരണകാരണം. അമ്മയുടെ വേദന കുറയ്ക്കാൻ മോർഫിൻ കുത്തിവയ്ക്കുന്നത് ഹരോൾഡ് ശ്രദ്ധിച്ചിരുന്നു. ഇതിന് സമാന രീതിയിലാണ് ഹരോൾഡും കൊലപാതകങ്ങൾ നടത്തിയത്. ഡയാമോർഫിൻ കുത്തിവച്ചാണ് തന്റെ രോഗികളെ ഹരോൽഡ് കൊലപ്പെടുത്തിയിരുന്നത്.

1974 ൽ ഒരു ജനറൽ പ്രാക്ടീഷണർ ആയി ടോഡ്‌മോർഡനിൽ ജോലിക്ക് കയറിയ ഇയാൾ പ്രിസ്‌ക്രിപ്ഷനിൽ തിരിമറി കാണിച്ച് സ്വന്തം ആവശ്യത്തിന് പെത്തഡിൻ കൈവശപ്പെടുത്തിയെന്ന കുറ്റത്തിന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. പക്ഷേ ഹരോൾഡ് ഒരു ഡ്രഗ് റീഹാബിലിറ്റേഷൻ കോഴ്‌സിന് അയക്കപ്പെടുകയും 600 പൗണ്ട് പിഴ നൽകി ഇതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

Read Also : സയനൈഡ് മല്ലിക മുതൽ കൂടത്തായിയിലെ ജോളി വരെ…രാജ്യത്തെ നടുക്കിയ സ്ത്രീ കൊലയാളികൾ

പിന്നീട് വീണ്ടും ഡോക്ടർ വേഷമണിഞ്ഞ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹൈഡിൽ ഒരു ജനറൽ പ്രാക്ടീഷണറായി ജോലിക്ക് ചേർന്നു. കഠിനാധ്വാനിയും രോഗികളോട് അലിവുമുള്ള ഡോക്ടർ എന്ന നിലയിൽ പേരെടുക്കാൻ ഷിപ്മാന് അധികം സമയം വേണ്ടി വന്നില്ല. ചെറു പട്ടണമായ ഹൈഡിലെ ഒരു പ്രമുഖനായി മാറാനും അയാൾക്ക് സാധിച്ചു. തുടർന്ന് 1993ൽ അയാൾ സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.

ഈ വർഷങ്ങളിലൊക്കെയും ആരുടേയും ശ്രദ്ധയിൽ പെടാതെ ഷിപ്മാൻ ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. ഒരിക്കൽ ഹരോൾഡ് ചികിത്സിച്ച രോഗികളുടെ സാധാരണയിലും കവിഞ്ഞ മരണനിരക്കുകളിൽ ആശങ്ക തോന്നിയ ഡോ സൂസൻ ബൂത്ത് ഇതേപ്പറ്റി സൗത്ത് മാഞ്ചസ്റ്റർ കൊറോണറെ ബോധ്യപ്പെടുത്തുകയും തുടർന്ന് പൊലീസ് സംഭവം അന്വേഷിക്കുകയും ചെയ്തു. ഷിപ്മാനെ കുറ്റവാളിയാക്കാനുള്ള തെളിവുകളൊന്നും ഇല്ലാതിരുന്നതിനാൽ 1998 ഏപ്രിലിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് അതെ വർഷം സെപ്തംബറിൽ അറസ്റ്റിലാകുന്നത് വരെയുള്ള സമയത്ത് ഷിപ്മാൻ മൂന്നു രോഗികളെക്കൂടി കൊലപ്പെടുത്തി.

ഷിപ്മാനെ കുടുക്കിയത് അയാളുടെ ധനമോഹമായിരുന്നു. അവസാനം വകവരുത്തിയ കാത്‌ലീൻ ഗ്രണ്ടി എന്ന വൃദ്ധയുടെ പേരിലുണ്ടാക്കിയ കള്ള വിൽപ്പത്രം വഴി അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഹരോൾഡ് പിടിയിലായത്. കാത്‌ലീന്റെ മകൾ ആഞ്ജല വുഡ്‌റഫ് പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും കാത്‌ലീന്റെ ശരീരം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ ശരീരകലകളിൽ ഡയമോർഫിൻ അമിതമായ അളവിൽ കാണപ്പെടുകയും ചെയ്തു. ഷിപ്മാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കള്ള വിൽപ്പത്രം ടൈപ്പ് ചെയ്യാൻ ഉപയോഗിച്ച ടൈപ്പ്‌റൈറ്ററും പൊലീസ് കണ്ടെടുത്തു.

ഇതേത്തുടർന്ന് മറ്റു കേസുകളിലും അന്വേഷണം നടത്തുകയും കുഴിച്ചിട്ട ശവശരീരങ്ങൾ പുറത്തെടുത്ത് പരിശോധന ചെയ്തതിലൂടെ 15 പേരെ ഷിപ്മാൻ കൊന്നതായി തെളിഞ്ഞു. ഇയാളുടെ മിക്ക ഇരകളുടെയും ശരീര പരിശോധന സാധ്യമായിരുന്നില്ല, കാരണം ഇയാൾ ബന്ധുക്കളെ പ്രേരിപ്പിച്ചു ശരീരം വൈദ്യുതശ്മശാനത്തിൽ കത്തിച്ചു കളയുകയായിരുന്നു പതിവ്.

2000 ജനുവരി 31ന് പ്രെസ്റ്റൺ ക്രൗൺ കോടതിയിലെ ജൂറി ഷിപ്മാനെ കുറ്റക്കാരനായി വിധിച്ചു. ജീവപര്യന്തം തടവാണ് ഷിപ്മാന് ജഡ്ജി വിധിച്ചത്. 2004 ജനുവരി 13ന് വേക്ക്ഫീൽഡ് ജയിലിൽ വെച്ച്, തന്റെ 58മത് ജന്മദിനത്തിന്റെ തലേദിവസം ഹരോൾഡ് ഷിപ്മാൻ ജയിൽ മുറിയിൽ തൂങ്ങിമരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here