ഇന്നത്തെ പ്രധാന വാർത്തകൾ (25-12-2019)
യുപി പൊലീസ് അലിഗഡ് വിദ്യാർത്ഥികളെ ആക്രമിച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടെന്ന് റിപ്പോർട്ട്
പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച ഉത്തർപ്രദേശ് അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥികളെ ഉത്തർപ്രദേശ് പൊലീസ് ആക്രമിച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൾച്ചറൽ ഫോറവും കാരവാൻ-ഏ- മൊഹബതും ചേർന്ന് തയ്യാറാക്കിയ ഒരു റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉള്ളത്. ജയ് ശ്രീറാം വിളിച്ചു കൊണ്ട് പൊലീസ് വിദ്യാർത്ഥികളെ ആക്രമിച്ചു എന്നും വാഹനങ്ങൾക്കും മറ്റും തീയിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ബലാത്സംഘത്തിന് ഇരയാകുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പു വരുത്താൻ എത്ര ആശുപത്രികൾ സജ്ജമാണെന്ന് സുപ്രിംകോടതി. ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ കോടതി തന്നെ അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് സെക്രട്ടറി ജനറലിനോട് ഇന്ത്യയിലെ എല്ലാ സംസ്ഥാന ഹൈക്കോടതികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാനും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്.
ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി
ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി എത്തിയേക്കുമെന്ന് റിപ്പോർട്ട്. വിക്രം സാരാഭായ് സ്‌പേസ് സെന്റർ മേധാവിയായ ഡോ. എസ് സോമനാഥിനെ പരിഗണിക്കുന്നുവെന്നാണ് വിവരം. എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് സോമനാഥ്. കെ ശിവൻ വിരമിക്കുന്ന സാഹചര്യത്തിൽ ഈ വർഷം ആദ്യമാണ് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുക.
ഗവർണറുടെ പരിപാടികൾ ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല: എകെ ബാലൻ
ഗവർണറും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍റെ പരിപാടികൾ ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലൻ. പ്രധാന പദവിയിൽ ഇരിക്കുന്നവർ എന്ത് പറയണം എന്ന് അവർ തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന ഗവർണറുടെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 20 ആയി
ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഫിറോസാബാദ് സ്വദേശി മുക്തീം ആണ് മരിച്ചത്. പ്രതിഷേധത്തിനിടെ പരുക്കേറ്റ മുക്തീം ചികിത്സയിലിരിക്കെ ഡൽഹിയിൽ വച്ചാണ് മരിക്കുന്നത്.
ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്പി ദീപക്കിനെ തരം താഴ്ത്തി സിപിഐഎം. ലോക്കൽ കമ്മിറ്റിയിലേക്കാണ് ദീപക്കിനെ തരം താഴ്ത്തിയിരിക്കുന്നത്. വഞ്ചിയൂർ ഏര്യാ കമ്മിറ്റി അംഗമായിരിന്നു ദീപക്.
തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്
ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. കൊച്ചിയിൽ വിവിധ സഭാ അധ്യക്ഷന്മാരുടെ മുഖ്യകാർമികത്വത്തിലായിരുന്നു പ്രാർഥനാ ചടങ്ങുകൾ. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച് ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ പുതുക്കുകയാണ് ക്രൈസ്തവ വിശ്വാസികൾ.
Storu Highlights – News Round up, Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here