ഗതാഗത മന്ത്രിയുമായി ചർച്ച; അനിശ്ചിതകാല സമരം അവസാനിപ്പിച്ച് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ

ശമ്പള പ്രതിസന്ധി ഉൾപ്പടെയുള്ള വിഷയങ്ങളിൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ നടത്തി വന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. പ്രതിമാസ ശമ്പളം മുടക്കമില്ലാതെ ഒറ്റത്തവണ നൽകുക, കാലാവധി അവസാനിച്ച ശമ്പളക്കരാർ പുതുക്കുക തുടങ്ങി പത്തിലധികം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭരണ- പ്രതിപക്ഷ സംഘടനകൾ അനിശ്ചകാല സമരം തുടങ്ങിയത്.
Read Also: കെഎസ്ആർടിസി പ്രതിസന്ധി; സമഗ്രസാമ്പത്തിക പാക്കേജുമായി സർക്കാർ
ജനുവരി 20 മുതൽ കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ സംഘടനകളെ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ ചർച്ചക്ക് വിളിച്ചു. കെഎസ്ആർടിസി എംഡി ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ പ്രശ്‌നപരിഹാരത്തിന് സർക്കാർ മുൻകൈ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശമ്പള വിതരണം മുടങ്ങില്ലെന്ന് തൊഴിലാളികൾക്ക് ഉറപ്പ് നൽകി. ശമ്പള പരിഷ്‌കരണം, ഡിഎ കുടിശിക ഉൾപ്പടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ത്രികക്ഷി കരാർ തയാറാക്കാനാണ് തീരുമാനം.
കോർപറേഷനിലെ പ്രതിസന്ധി മറികടക്കാൻ 1000 ബസുകൾ ഉടൻ വാങ്ങുമെന്നും ഇതിനായി കിഫ്ബിയുടെ സഹായം തേടുമെന്നും മന്ത്രി തൊഴിലാളികളെ അറിയിച്ചു. ആശ്രിത നിയമനവും, ഇടിഎം മെഷീൻ വാങ്ങണമെന്ന ആവശ്യവും പരിഹരിക്കും. യോഗത്തിലെ ധാരണകൾ അംഗീകരിച്ച ടിഡിഎഫ് പണിമുടക്ക് പിൻവലിച്ചു. ഭരണകക്ഷി തൊഴിലാളി യൂണിയനുകൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്ന സത്യാഗ്രഹ സമരവും അവസാനിപ്പിച്ചു.
പ്രതിസന്ധിയുടെ താത്ക്കാലിക പരിഹാരത്തിനായി 60 കോടി രൂപയാണ് ആവശ്യമായി വരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കെഎസ്ആർടിസിക്ക് പണം കണ്ടെത്തൽ സർക്കാരിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ak saseedran, ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here