ഇന്നത്തെ പ്രധാന വാർത്തകൾ (14.03.2020)

കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ചു

കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് രണ്ട് പേർ മരിക്കുകയും 83 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊവിഡ് 19 വ്യാപനം തടയാനും മറ്റും ഇനി ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം.

കൊവിഡ് മരണം: നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

കൊവിഡ് 19 ൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ രാജ്യം. നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമേരിക്കയിലേക്കുള്ള എല്ലാ വിസാ നടപടികളും ഇന്ത്യൻ എംബസി താത്കാലികമായി നിർത്തിവച്ചു.

കൊവിഡ് 19; തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അനാവശ്യമായി വീടുകൾക്ക് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കളക്ടർ നിർദേശിച്ചു. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

കൊവിഡ് 19: പത്തനംതിട്ടയില്‍ ഇന്ന് ലഭിച്ച എട്ട് പരിശോധനാഫലങ്ങളും നെഗറ്റീവ്

കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇവര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊവിഡ് 19: പുതിയ പോസിറ്റീവ് കേസുകളില്ല; നിയന്ത്രണ വിധേയമാകുമെന്ന വിലയിരുത്തലില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം

ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ജില്ലയുടെ ചുമതലയുളള മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ കൊവിഡ് 19 സ്ഥിരീകരിക്കുമ്പോഴും ആശ്വാസകരമായ വാര്‍ത്തകളാണ് പത്തനംതിട്ടയില്‍ നിന്ന് വരുന്നത്.

മൂന്ന് പേര്‍ക്ക് കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇവര്‍ സഞ്ചരിച്ച റൂട്ടുകളും ഇടപഴകിയ ആളുകളേയും കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും കൂടുതല്‍ ഐസലേഷന്‍ റൂമുകളും സജ്ജീകരിച്ചു.

കൊവിഡ് 19: രാജ്യത്ത് മരണസംഖ്യ രണ്ടായി; ജാഗ്രത

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിയായ 68 വയസുകാരിയാണ് ഇന്നലെ മരിച്ചത്. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയുടെ മരണത്തിന് ശേഷം കൊവിഡ് 19 ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.

 

news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top