ഇന്നത്തെ പ്രധാന വാർത്തകൾ (12-04-2020)

രാജ്യത്ത് ആകെ 8,447 പേര്‍ക്ക് കൊവിഡ് ബാധിച്ചു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്ക്

രാജ്യത്ത് 8,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 31 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 273 ആയി. മഹാരാഷ്ട്രയ്ക്കു പുറമേ തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കൊവിഡ് റാപിഡ് ടെസ്റ്റ് വ്യാപകമാക്കുന്നു; നാല് വിഭാഗങ്ങളാക്കി തിരിച്ച് പരിശോധന

സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് വ്യാപകമാക്കും. റാപിഡ് ടെസ്റ്റിന് വിധേയരാക്കേണ്ടവരെ നാല് വിഭാഗങ്ങളായി തിരിച്ച് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഹൈ റിസ്‌ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയവർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആയിരിക്കും ആദ്യം പരിശോധന.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്; 36 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം. കൊവിഡ് ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍) മലപ്പുറം ജില്ലയിലെ ആറ് പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 34 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് ഓരോ ദിവസവും 15,000 സാമ്പിളുകള്‍ പരിശോധിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍ഗോഡ് കൊവിഡ് ഭീതി ഒഴിയുന്നു; 26 പേര്‍ക്ക് രോഗമുക്തി

കൊവിഡ് ഭീതികൾക്കിടയിൽ ആശ്വാസമായി കാസർ​ഗോഡ് നിന്ന് 26 പേർ ആശുപത്രി വിടുന്നു. തുടർപരിശോധനാ ഫലങ്ങൾ നെഗറ്റീവായ 26 പേരാണ് കാസർ​ഗോഡ് നിന്ന് ഇന്ന് ആശുപത്രി വിടുന്നത്. ജനറൽ ആശുപത്രിയിൽ കഴിയുന്ന ഇവരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് അനുമതി നൽകി. ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 60 ആയി.

ട്വന്റിഫോര്‍ ഇംപാക്ട്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ഡല്‍ഹിയിലെ ക്യാമ്പില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിക്കും

ന്യൂഡൽഹിയിലെ നരേല കൊവിഡ് ക്യാമ്പിൽ കുടുങ്ങിയ നാല് മലയാളികളെ നാട്ടിൽ എത്തിക്കാൻ നടപടി. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ ക്യാമ്പിൽ ഒറ്റപ്പെട്ട ഇവരുടെ വാർത്ത ട്വൻ്റിഫോർ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി.

വിദേശത്തു നിന്ന് വന്ന നാല് മലയാളികള്‍ ഡല്‍ഹിയില്‍ കുടുങ്ങി; കൊവിഡ് സംശയിക്കുന്നവരോടൊപ്പം താമസിപ്പിക്കുന്നു എന്ന് ആരോപണം

വിദേശത്തു നിന്ന് വന്ന നാല് മലയാളികൾ ഡൽഹിയിൽ കുടുങ്ങി. ഡൽഹി നരേലയിലെ ക്യാമ്പിലാണ് വൃദ്ധർ ഉൾപ്പെടെയുള്ള നാല് മലയാളികൾ കുടുങ്ങിയത്. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. കൊവിഡ് 19 സംശയിക്കുന്നവരോടൊപ്പമാണ് തങ്ങളെ താമസിപ്പിക്കുന്നതെന്ന് ഇവർ പരാതിപ്പെടുന്നു.

 

ലോക്ക് ഡൗണ്‍ നീട്ടല്‍; മൂന്ന് സോണുകളായി തിരിച്ച് നടപ്പിലാക്കും

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഈ മാസം 30 വരെ നീട്ടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇപ്പോൾ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. റെഡ് സോൺ, ഗ്രീൻ സോൺ, യെല്ലോ/ഓറഞ്ച് സോൺ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാവും ലോക്ക് ഡൗൺ നടപ്പിലാക്കുക. ഹരിയാനയിൽ നടപ്പിലാക്കിയ രീതിയാണിത്. ഇത് പിന്തുടരാനാണ് തീരുമാനം.

കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്; എന്നിട്ടും ഹൃദ്രോഗിയായ ഉപ്പള സ്വദേശിക്ക് മംഗളുരുവില്‍ ചികിത്സ നിഷേധിച്ചു

കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവായിട്ടും കാസർഗോട് ഉപ്പള സ്വദേശിയായ ഹൃദ്രോഗിക്ക് മംഗളുരുവിൽ ചികിത്സ നിഷേധിച്ചു. കൊവിഡ് സംശയത്തിൻ്റെ പേരിൽ മൂന്നുദിവസമാണ് ഇവരുടെ ചികിത്സ വൈകിപ്പിച്ചത്. മംഗളുരുവിൽ വച്ച് നടത്തിയ പരിശോധന ഫലം നെഗറ്റീവായിട്ടും അടിയന്തര ചികിത്സ ലഭിക്കാത്തതിനാൽ ഇവർ ആശുപത്രിയിൽ നിന്ന് മടങ്ങി.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top