ഇന്നത്തെ പ്രധാന വാർത്തകൾ(3-5-2020)
അതിഥി തൊഴിലാളികളിൽ നിർബന്ധം പിടിക്കുന്നവരെ മാത്രം മടക്കി അയയ്ക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം
സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശിച്ചു. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം.
കശ്മീർ അതിർത്തിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു
ജമ്മു കശ്മീർ അതിർത്തിയായ ഹന്ദ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ച്മുല്ലയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് ആക്രമണം ആരംഭിച്ചത്.
ലോക്ക് ഡൗൺ കാലത്ത് ജോലിക്കാർക്ക് പുറത്തിറങ്ങാൻ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രം. സ്വകാര്യ, സർക്കാർ ജോലിക്കാർക്കാണ് ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയത്. കൊവിഡ് രോഗബാധയുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകൾക്കും ആപ്പ് നിർബന്ധമാക്കി. അതേ സമയം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും കൊവിഡ് രോഗബാധയില്ലാത്ത സ്ഥലത്ത് കഴിയുന്നവരും ഇത് ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നും റിപ്പോർട്ടുകളുണ്ട്.
കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരിച്ചു
കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ ആണ് മരിച്ചത്. നാൽപത്തിനാല് വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്.
Story highlight:TODAY HEAD LINES
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here