Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10-06-2020)

June 10, 2020
Google News 1 minute Read
todays news headlines june 10

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച 33കാരനാണ് മരിച്ചത്. നെടുമങ്ങാട് ആനാട് സ്വദേശിയാണ്. ഇന്നലെ ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞ ഇദ്ദേഹത്തെ തിരികെ എത്തിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് അദ്ദേഹം ഡിസ്ചാർജ് ആവാനിരുന്നതായിരുന്നു. അദ്ദേഹത്തിൻ്റെ രണ്ട് കൊവിഡ് ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു.

ജയമോഹൻ തമ്പിയുടെ മരണം; മദ്യപിക്കാൻ പണം നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്ന് മകന്റെ മൊഴി

മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ മകൻ അശ്വിൻ്റെ മൊഴി പുറത്ത്. കുറ്റം മകൻ സമ്മതിച്ചു. തുടർച്ചയായി 10 ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു എന്നും മദ്യപിക്കാൻ പണം നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്നും അശ്വിൻ പൊലീസിനോട് പറഞ്ഞു. നാലു ദിവസം അശ്വിൻ തുടരെ മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. തുടർച്ചയായ 10 ദിവസം അശ്വിനും ജയമോഹനും ഒരുമിച്ചിരുന്ന് മദ്യപിച്ചു എന്നും പൊലീസ് പറയുന്നു.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി; എതിർപ്പുമായി സിപിഐ

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എതിർത്ത് സിപിഐ. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിനു പിന്നിൽ ആരായിരുന്നാലും അവർക്ക് എൽഡിഎഫിൻ്റെ രാഷ്ട്രീയം അറിയില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ അൻപഴകൻ അന്തരിച്ചു

കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡിഎംകെ നേതാവ് ജെ അൻപഴകൻ(61) എംഎൽഎ അന്തരിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും തിങ്കളാഴ്ടയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഷിപ്പ്‌യാർഡ് കപ്പലിൽ ഹാർഡ് ഡിസ്ക് മോഷണം നടത്തിയ സംഭവം; പ്രതികൾ പിടിയിൽ

ക്ലൊച്ചിൻ ഷിപ്പ്‌യാർഡ് കപ്പലിൽ ഹാർഡ് ഡിസ്ക് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഒരു രാജസ്ഥാൻ സ്വദേശിയും ബീഹാർ സ്വദേശിയുമാണ് പിടിയിലായത്. എൻഐഎ ആണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘം ഹാർഡ് ഡിസ്കുകൾ കണ്ടെടുത്തു. യുദ്ധക്കപ്പലിൽ മോഷണം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചത് കരാർ കമ്പനിയോടുള്ള വൈരാഗ്യമാണെന്നാണ് വിവരം.

ജയമോഹൻ തമ്പിയുടെ കൊലപാതകം; മകൻ അറസ്റ്റിൽ; സുഹൃത്ത് കസ്റ്റഡിയിൽ

മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപാതകത്തിൽ മകൻ അശ്വിൻ അറസ്റ്റിലായി. ഇന്നലെ രാത്രിയോടെയാണ് അശ്വിൻ്റെ അറസ്റ്റ് തിരുവനന്തപുരം ഫോർട്ട് പൊലീസ് രേഖപ്പെടുത്തിയത്. അശ്വിനൊപ്പം മദ്യപിച്ച സുഹൃത്ത് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

രാജ്യത്ത് കൊവിഡ് കൂടുതൽ മേഖലകളിലേക്ക്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷം

രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് കൊവിഡ് പടരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. മിസോറാമിൽ 46 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ അഞ്ച് ദശലക്ഷം ദ്രുതപരിശോധന നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്‌തമാക്കി. ഡൽഹിയിൽ സ്റ്റേഡിയങ്ങൾ താൽക്കാലിക ആശുപത്രികളാക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു.

Story Highlights- todays news headlines june 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here