ഇന്നത്തെ പ്രധാന വാർത്തകൾ (16-06-2020)

todays news headlines june 16

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്.

നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സ പ്രാഥമിക കേന്ദ്രങ്ങളിൽ; രോഗികൾക്ക് മാസികാരോഗ്യ വിദഗ്ധന്റെ സേവനം; പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കൊവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചാൽ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. രോഗബാധ കൂടുന്ന സാഹചര്യത്തിലാണ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായത്.

ഇന്ത്യയിൽ തുടർച്ചയായ ആറാം ദിവസവും 300 കടന്ന് കൊവിഡ് മരണങ്ങൾ

ഇന്ത്യയിൽ തുടർച്ചയായ ആറാം ദിവസവും 300 കടന്ന് കൊവിഡ് മരണങ്ങൾ. 24 മണിക്കൂറിനിടെ 10667 പോസിറ്റീവ് കേസുകളും 380 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ ഏഴാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി. 180012 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 153178 ആയി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 52.46 ആയി ഉയർന്നിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാൻ അവസരമില്ല

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന്

രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെന്ന് കണക്കുകൾ. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു. സിബിഐ അടക്കം കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും, കമാൻഡോകളും ഗ്രേറ്റർ നോയിഡയിലെ പൊലീസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights- todays news headlines june 16

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top