അയാളെ പ്രണയിക്കുക എന്നാൽ


ഫർബീന നാലകത്ത്/കവിത
ഏറനാട് നോളജ് സിറ്റി എൻജിനീയറിംഗ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ലേഖിക.
സൂക്ഷിക്കണം,
അയാളെ പ്രണയിക്കുക എന്നാൽ
തുഴയെറിഞ്ഞു കളഞ്ഞവന്റെ
വഞ്ചിയിലേക്കുളള എടുത്തുചാട്ടമാണത്.
ഒരേ സമയം
അയാൾ നിങ്ങളെ ചേർത്തുപിടിക്കും.
എന്നെ ഉപേക്ഷിക്കരുതെന്ന് പറയും.
കഴുത്തിൽ ഏറ്റവും ആർദ്രമായി ചുംബിക്കും.
എന്നിട്ട് മുറിയടച്ചിരിക്കും.
ഇനി നിങ്ങളെ കാണണ്ടയെന്നും
കടന്നു പോകണമെന്നും
പറഞ്ഞുറക്കെ കരയും.
ഒരു വാതിലിന്റെ ഇങ്ങേപ്പുറത്ത്
കൂട്ടിരിക്കുക എന്നതിലപ്പുറം
നിങ്ങൾക്ക് ഒന്നും ചെയ്യാനില്ലവിടെ.
ചിലപ്പോൾ
ഒരു തെളിഞ്ഞ പകലിൽ
അയാൾ മുറിവിട്ടിറങ്ങിയേക്കാം.
കൂട്ടിലേക്ക് മടങ്ങുന്ന പക്ഷിയെ കുറിച്ചും
പട്ടം പറത്തുന്ന കുട്ടികളെ കുറിച്ചും
പകലിന്റെ ഊഷ്മളതയെ കുറിച്ചും
ഒരുമിച്ച് പോകേണ്ട ഒരിടത്തെ കുറിച്ചും
നിങ്ങളോട് സംസാരിച്ചെന്നുംവരാം.
ബ്ലെയ്ഡ് കൊണ്ട് ചിത്രപണി ചെയ്ത
അയാളുടെ കൈത്തലങ്ങൾ
അപ്പോൾ നിങ്ങളിൽ മുറുകിയിരിക്കും.
നിറങ്ങളെ കുറിച്ച്
നിങ്ങൾ പറയുമ്പോൾ എല്ലാം
അയാൾ ഇരുട്ടിനെ കുറിച്ച് പറയും.
പലവട്ടം ഇറങ്ങിപോന്ന
ഒരു പഴയ ദിവസത്തിന്റെ
അരിക് ചേർന്ന് ആർത്തു കരയും.
അപ്പോൾ പെയ്തൊഴിയും വരെ
നിങ്ങളയാളെ കേട്ടിരുന്നാൽ മതി.
അതുമല്ലെങ്കിൽ
അയാൾ ഒന്നും മിണ്ടിയെന്നുവരില്ല.
ചോദ്യങ്ങൾ ചോദിക്കരുത്.
ഒരു കെട്ടിപ്പിടിത്തത്തിന്റെ
കെട്ടുറപ്പാണ്
അയാൾ അപ്പോൾ അന്വേഷിക്കുന്നത്.
ഒരു ദിവസം
വീണ്ടും അയാൾ
നിശബ്ദനാവും.
കണ്ണുകളിൽ വിഷാദമായ
അവസാനത്തെ കവിത
നിങ്ങൾക്ക് ചിലപ്പോൾ വായിച്ചെടുക്കാൻ
കഴിഞ്ഞേക്കാം.
നിങ്ങൾ എത്ര ഒച്ചവെച്ചാലും
പക്ഷേ അയാൾ മിണ്ടിയെന്നുവരില്ല.
അകന്നിരുന്നാൽ
അയാൾ തിരികെ വിളിക്കില്ല.
അറ്റമില്ലാത്ത ഏകാന്തതയെ ആഗ്രഹിച്ച
സൂഫിയാണ് അയാളിപ്പോൾ.
എല്ലാ മനുഷ്യരോടും അയിത്തമാണ് .
നിങ്ങളോടും.
ഒടുക്കം
ആർക്കും എന്നോട്
സ്നേഹമില്ലെന്നുറപ്പിച്ച്
ഒരു ദീർഘമായ ഉറക്കത്തിലേക്ക്
ഗൂഢമായ മന്ദഹാസത്തോടെ
മടങ്ങുന്ന അയാളെ
നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല.
ജീവിച്ചിരുന്ന ഒരുവേളയിലും.
അയാൾക്കേ അയാളെ മനസിലായിട്ടുണ്ടാവില്ല.
അതുകൊണ്ട്
സൂക്ഷിക്കണം.
വിഷാദത്തിന്റെ വിത്തുകൾ
ഉളളിൽ സൂക്ഷിക്കുന്നവനെ
പ്രണയിക്കുക എന്നാൽ
തുഴയെറിഞ്ഞു കളഞ്ഞവന്റെ
വഞ്ചിയിലേക്കുളള എടുത്തുചാട്ടമാണത്.
story highlights- poem, ayale pranayikkuka ennal, farbeena nalakath, readers blog
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here