കോഴിക്കോട് സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം

കോഴിക്കോട് പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മത്സ്യ വിപണിയുമായി ബന്ധപെട്ടാണ് രണ്ട് വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ പേരും നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.

പേരാമ്പ്ര മത്സ്യ മാർക്കറ്റിലെ വിൽപനക്കാർ തമ്മിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇന്ന് രാവിലെ മുസ്ലീം ലീഗ്-സിപിഐഎം തൊഴിലാളി സംഘടനാ പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മാർക്കറ്റിൽ മത്സ്യ വിൽപന നടത്താൻ തങ്ങൾക്കും അവസരം വേണമെന്ന ആവശ്യവുമായി സിഐടിയു പ്രവർത്തകർ എത്തുകയായിരുന്നു. ഇവരെ ലീഗ് തൊഴിലാളി യൂണിയനായ എസ്ടിയു പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.

ഏറ്റുമുട്ടലിൽ പരുക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയിൽ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ് പ്രതികരിച്ചു. സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കാനും ഏഴ് ദിവസത്തിനകം കൊവിഡ് ടെസ്റ്റിന് വിധേയരാകാനും ജില്ലാഭരണകൂടം നിർദേശം നൽകി.

Story Highlights CPIM, Muslim league, Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top