ആമസോൺ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സേവനത്തിന് ശബ്ദം നൽകാൻ അമിതാബ് ബച്ചൻ

ആമസോണിന്റെ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സേവനത്തിന് ശബ്ദം നൽകാൻ അമിതാബ് ബച്ചൻ. ആമസോണുമായി ബച്ചൻ സഹകരിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം അലക്‌സയ്ക്ക് ശബ്ദം നൽകുന്നത്. ഹിന്ദിയിലായിരിക്കും ബച്ചന്റെ ശബ്ദം കേൾക്കാൻ കഴിയുക.
ഇനി മുതൽ തമാശകൾ, കാലാവസ്ഥ, നിർദേശങ്ങൾ, ഉറുദു കവിതകൾ, പ്രചോദനദായകമായ ഉദ്ധരണികൾ എന്നിവ അമിതാബ് ബച്ചന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിയും. അടുത്ത വർഷം മുതലാണ് അമിതാബ് ബച്ചന്റെ ശബ്ദം അലക്സയിൽ ലഭ്യമാവുക. മാത്രമല്ല, പണം നൽകി ഉപയോഗിക്കാവുന്ന ഫീച്ചർ ആയാണ് ഇത് ലഭ്യമാവുക. അമിതാബ് ബച്ചന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കേട്ടറിയാൻ അലക്സയുള്ള ഉപകരണത്തോട് ‘Alexa, say hello to Mr. Amitabh Bachchan.’ എന്ന് പറഞ്ഞാൽ മതി.
പുതിയ രൂപവുമായി പൊരുത്തപ്പെടാൻ സാങ്കേതികവിദ്യ എല്ലായ്പ്പോഴും എനിക്ക് അവസരം നൽകാറുണ്ടെന്ന് അമിതാബ് ബച്ചൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. ആമസോണും അലക്സയുമായി സഹകരിക്കുന്നതിന് ആവേശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, അമിതാബ് ബച്ചന് മുൻപേ അലക്സയ്ക്ക് ശബ്ദം നൽകിയ ആദ്യ സെലിബ്രിറ്റി സാമുവെൽ എൽ. ജാക്സൺ ആണ്. സാമുവൽ എൽ ജാക്സണിന്റെ ശബ്ജം അമേരിക്കൻ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകുകയുള്ളു.
Story Highlights – Amitabh Bachchan to provide voice for Amazon Digital Voice Assistant service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here