ഒരു കൊവിഡ് പ്രേമം

..

രമ എന്‍./ കഥ

സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ലേഖിക

അന്നാമ്മ ചേട്ടത്തിക്ക് അരിശം വന്നിട്ടു പാടില്ല. കോലായില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ ആയി. റാവുത്തരുടെ സൈക്കിള്‍ മണി ചെവിയോര്‍ത്താണ് നില്‍പ്പ്.

അമ്മച്ചി ഈ കപ്പയും കട്ടനും ഒന്നു വന്നു കഴിക്കുന്നുണ്ടോ ? ഏലിക്കുട്ടി അകത്തു നിന്നും ഉച്ചത്തില്‍ വിളിക്കുന്നുണ്ട്.

നിങ്ങടെ അമ്മക്കിതെന്തിന്റെ കേടാ, മീന്‍ കറിയില്ലാതെ കഴിക്കില്ലെന്നു വാശി പിടിച്ചിരിക്കാ.

എനിക്കെങ്ങും വേണ്ടാ. മീന്‍ ചാറില്ലാതെ കപ്പ എനിക്ക് തൊണ്ടക്ക് താഴേ ഇറങ്ങില്ലാന്നു നിനക്കറിയാമ്മേലേടി .
ഞാനൊന്നു നോക്കട്ടെ.

അമ്മച്ചിക്കിതെന്നാത്തിന്റെ കേടാ. പുറത്തേക്കെങ്ങും പോയേക്കരുത്. പൊലീസു കണ്ടാല്‍ ചന്തിക്കടി കിട്ടും.

ഞാനെങ്ങും പോകില്ലാടീ.എന്റെ കവണി ഇങ്ങെടുത്തെ.

അന്നാമ്മ ചേടത്തി അയയില്‍ കിടന്ന കവണിയും എടുത്തു ചുറ്റി പുറത്തേക്കു പോയി.നേരെ തോട്ടില്‍ ഇറങ്ങി കാലും മുഖവും കഴുകി അന്നാമ്മ കവണി മുണ്ട് വിരിച്ച് തോട്ടില്‍ മീന്‍ പിടിക്കുവാന്‍ ശ്രമിച്ചു.

നശൂലങ്ങള്‍ ഒന്നും മുണ്ടില്‍കയറുന്നില്ലല്ലോ. വാഴക്കു തടം കോരി നിന്ന പൈലി ചേട്ടന്‍ തോട്ടില്‍ ഇറങ്ങി തൂമ്പാ കഴുകി കുളിക്കാനായി നില്‍ക്കയാണ്.
അന്നാമ്മ കടവില്‍ കുളിക്കാന്‍ ഇറങ്ങിയിട്ട് ഇശ്ശി നേരമായി. അവര്‍ കയറി പോയിട്ടു വേണം തോട്ടിലിറങ്ങാന്‍ .

അന്നാമ്മോ ….. ഇതെന്നാ കുളിയാ..”നേരം കുറെ ആയല്ലോ’… എനിക്കൊന്നു മുങ്ങണം.
പൈലി ചേട്ടാ ഇങ്ങോട്ടു പോര് . ഞാന്‍ കുളിക്കേം മറ്റുമല്ല.

പിന്നെ നീ എന്നാ എടുക്കു വാ
കൊറോണ ഭയന്ന് വെള്ളത്തില്‍ കെടക്കുവാണോ.

എന്റെ പൈലി ചേട്ടാ രണ്ട് ദിവസമായി ഒരു മീന്‍ തിന്നിട്ട്. റാവുത്തരു മീന്‍ കൊണ്ടു വരാത്തെ കൊണ്ട് എനിക്ക് കഞ്ഞി തൊണ്ട കീഴെ എറങ്ങുന്നില്ലാന്നേ. തോട്ടു മീന്‍ പിടിച്ച് ഇച്ചിരി ചാറു കൂട്ടി കഴിക്കാമെന്നു വെച്ചാ ഞാന്‍ വന്നത്. ഒരെണ്ണം പോലും തടയുന്നില്ല.

അപ്പോ അതാണോ കാര്യം.മാറ് ഞാന്‍ കൂടെ കൂടാം.

എന്നാ ഇറങ്ങി വാ കവണി തലപ്പേല്‍ പിടി.

പൈലി ചേട്ടന്‍ അന്നാമ്മയുടെ കവണി തലപ്പില്‍ പിടിച്ച് രണ്ടു പേരും അരയൊപ്പം വെള്ളത്തില്‍ തോട്ടു മീന്‍ പിടിക്കുന്ന ഉല്‍സാഹത്തിലാണ്.

കായലരികത്ത് വലയെറിഞ്ഞപ്പോള്‍ …
പൈലി ചേട്ടന്റെ ചുണ്ടത്ത് ഒരു മൂളിപ്പാട്ട് വന്നു.

ഇപ്പോ എന്തിനാ ഈ പാട്ടൊക്കെ പാടുന്നേ
അന്നാമ്മ ചോദിച്ചു.

അന്നാമ്മേ നീ പണ്ടു മുഴുപാവാടയും ഇട്ടു രണ്ടു വശവും മുടി പിന്നി റിബ്ബണ്‍ കെട്ടി പുസ്തക കെട്ട് മാറോട് ചേര്‍ത്ത് പോകുന്നത് ഓര്‍മ്മ വന്നു. എന്നും ഞാന്‍ പറമ്പിന്റെ അരുകില്‍ നില്‍ക്കുമായിരുന്നു. നീ എന്നെ ഓട്ട കണ്ണിട്ടു നോക്കുന്നത് കാണാന്‍.

ഒന്നു പോ പൈലി ചേട്ടാ. ഇതൊക്കെ എന്തിനാ ഇപ്പോ പറയുന്നേ.

മനഃസമ്മതത്തിനു ചോദിച്ചപ്പോ നിനക്കു പറയാന്‍ പാടില്ലായിരുന്നോ എനിക്ക് പൈലി ച്ചായനെ ഇഷ്ടമാണെന്ന്..

അതിന് പൈലിച്ചായന് എന്നോട് ഇഷ്ടമാണെന്ന് എനിക്കറിയാന്‍ മേലായിരുന്നു..

ദാ…” കിട്ടി പോയ് രണ്ട് എണ്ണം തടഞ്ഞു.

വീണ്ടും പഴങ്കഥകള്‍ അയവിറക്കി അന്നാമ്മയും പൈലി ചേട്ടനും തോട്ടു മീന്‍ പിടിച്ചു..

എന്നാ ഞാന്‍ പോട്ടെ.

നാളയും വരുമോ മീന്‍ പിടിക്കാന്‍..

ഉം : വരും …..
കൊറോണ ഉള്ളിടത്തോളം ഞാന്‍ വരും……

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights oru covid premam story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top