Advertisement

കുറുമ്പാലക്കോട്ടയില്‍ മഞ്ഞു വീണു കിടക്കുന്നത് കണ്ടിട്ടുണ്ടോ..?

October 28, 2020
Google News 1 minute Read

..

കെസിയ ജേക്കബ്/യാത്രാവിവരണം

ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദധാരിയാണ് ലേഖിക

രാത്രി വളരെ വൈകിയാണ് കിടന്നതെങ്കിലും പിറ്റേന്നത്തെ യാത്രയുടെ പ്ലാന്‍ തെറ്റിക്കാതിരിക്കാന്‍ നാലു മണി ആയപ്പോഴേക്കും എഴുന്നേറ്റു….

സന്തോഷത്തേക്കാള്‍ ഉപരി വല്ലാത്തൊരു ത്രില്‍ ആയിരുന്നു മനസ് നിറയെ. പ്രണയദിനത്തില്‍ ഏറ്റവും പ്രണയം തോന്നിയതിനോടൊപ്പം ആഘോഷിക്കാനുള്ള അവസരം വളരെ യാദൃശ്ചികമായി വന്നതാണ്…….

4.30 ന് ഏറ്റവും പ്രിയപെട്ടവരുടെ കൂടെ വീട്ടില്‍ നിന്നിറങ്ങി. വയനാട് തണുത്തിരിക്കുന്ന സമയമാണ് ബെക്കിന്റെ വെട്ടത്തില്‍ മഞ്ഞു പെയ്തിറങ്ങുന്നത് കാണുന്നത് തന്നെ രസമാണ്. വയനാട്ടിലെ മീനങ്ങാടിയില്‍ നിന്ന് മാനന്തവാടി റോഡിലൂടെ പോയാല്‍ ഒരു മണിക്കൂറിനുള്ളില്‍ കമ്പളക്കാട് എത്തും. അവിടെ നിന്ന് അര മണിക്കൂറിനുള്ളില്‍ മലക്കടുത്തെത്തും.

ചെറിയ ഓഫ് റോഡിന്റെ അടുത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. ആ നേരത്തും ഒരുപാട് പേര്‍ അവിടെയുണ്ടായിരുന്നു. മഞ്ഞു പുതച്ചു നില്‍ക്കുന്ന കുറുമ്പാലക്കോട്ടയെ കുറിച്ച് കേട്ടറിഞ്ഞും കണ്ടറിഞ്ഞും വന്നവരായിരിക്കും. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞ മല കേറി ചുമ്മാ വൈബ് ആക്കാന്‍. കേറി തുടക്കിയപ്പോ ഉഷാറായിരുന്നു. പതിയെ വേഗത കുറഞ്ഞെങ്കിലും പാട്ട് പാടിയും ഫോണില്‍ പാട്ട് വച്ചും, കൂടെ മല കേറുന്നവരെ പരിചയപ്പെട്ട് അവരോടു മിണ്ടിയും പറഞ്ഞും നടത്തം ഉഷാറാക്കി.

സമുദ്ര നിരപ്പില്‍ ഏകദേശം 991 മീറ്റര്‍ ഉയരത്തില്‍ ആണ് നമ്മുടെ കുറുമ്പാലക്കോട്ട. കേറി വരുംതോറും തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അത്രയേറെ ഭംഗിയുള്ള പ്രകൃതിയെ ആണ്. പച്ച നിറത്തില്‍ കാണേണ്ടതെല്ലാം മഞ്ഞു വീണ് വെള്ള പഞ്ഞികെട്ട് പോലെ ആണ് കാണുന്നത്. എന്തൊരു ഭംഗിയാടാ എന്നൊരുപാട് തവണ പറഞ്ഞിട്ടുണ്ടാകും. അങ്ങനെ അര മണിക്കൂറിനുള്ളില്‍ മലയുടെ ഉച്ചിയില്‍ എത്തിയപ്പോഴേക്കും ചായ വേണോന്ന് ചോദിച്ച ചേട്ടനോട് വേണ്ട ചേട്ടാ പിന്നെ മതിയെന്നും പറഞ്ഞ് ഒരു വശത്തേക്ക് പോയി ദൂരേക്ക് നോക്കി നില്‍പ്പായി. വേറൊന്നും കൊണ്ടല്ല പ്രകൃതിയെ അത്ര ഭംഗിയില്‍ ഞാനിത് വരെ കണ്ടട്ടില്ല.

നല്ലോണം തണുപ്പുണ്ടായിരുന്നു, വെളിച്ചം വച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളു മഞ്ഞു കൂടി വരുന്നുണ്ടായിരുന്നു. മുന്നില്‍ മഞ്ഞു കൊണ്ടൊരു കടല്‍ ആണ് കണ്ടത്. മനസും ശരീരവും ഒരേ പോലെ തണുത്ത അവസ്ഥയായിരുന്നു.

‘മുറ്റത്തുള്ള കാഴ്ചകള്‍ കണ്ടു തീര്‍ത്തിട്ട് അകലങ്ങളിലെ കാഴ്ച കാണാന്‍ പോ’

എന്ന് അമ്മ പറഞ്ഞതാ അപ്പൊ ഓര്‍മ വന്നത്… വായനാട്ടുകാര്‍ക്ക് അഹങ്കരിക്കാന്‍ പറ്റിയൊരിടം. ഈ മഞ്ഞൊക്കെ എവിടുന്ന് വന്നു എന്ന് തോന്നും അതുപോലെയാണ് മലയെ ചുറ്റി മഞ്ഞു വീണ് കിടക്കുന്നത്. ആ മെത്തയിലേക്ക് എടുത്തങ്ങു ചാടിയാലോന്നു തോന്നും. അത്രത്തോളം സുന്ദരിയാണ് കുറുമ്പാലക്കോട്ട.

മഞ്ഞിനരികില്‍ തീയിട്ട് ചൂട് കായുന്നവരും, അകലങ്ങളിലേക്കു നോക്കി ചൂട് മാറുന്നതിനു മുന്നേ ചായ കുടിക്കുന്നവരും…. മഞ്ഞു പോകുന്നതിന് മുന്നേ അതൊക്കെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നിക്കുന്നവരും… അതില്‍ നിന്നൊക്കെ മാറി നിന്ന് കിളികളുടെ ശബ്ദവും ആ പെയ്യുന്ന മഞ്ഞു ആസ്വദിച്ചു നിക്കുന്നവരൊക്കെ കുറുമ്പാലക്കോട്ടയിലെ സ്ഥിരം കാഴ്ച്ചയാണ്.

ഒരു കാര്യം ഉറപ്പാണ് യാത്രയെയും പ്രകൃതിയെയും അത്രേമേല്‍ സ്‌നേഹിക്കുന്നവരാകും അവിടെ വരുന്നവരൊക്കെ. കൂട്ടത്തില്‍ യാത്രകളെ ഇഷ്ടപെടുന്ന യാത്രകളെ സ്വപനം കാണുന്ന പെണ്‍കുട്ടികളുടെയൊക്കെ കൂട്ടത്തിലെ ഒരാളെന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ആയിരുന്നു.

എന്ന് മാത്രമല്ല ഇതൊക്കെ കണ്ടില്ലെങ്കില്‍ പിന്നെന്തിനാന്ന് തോന്നിപോയി. പ്രണയദിനത്തില്‍ പ്രണയം മുഴുവന്‍ കുറുമ്പാലക്കോട്ടക്ക് കൊടുത്തിട്ടുണ്ട് അവിടെ പെയ്തിറങ്ങിയ മഞ്ഞു പോലെ മനസിനെ പരുവപ്പെടുത്തി ഞങ്ങള്‍
മല ഇറങ്ങാന്‍ തുടങ്ങി. ഞങ്ങള്‍ വയനാട്ടുകാര്‍ക്ക് മല കേറി ചെന്നാല്‍ കാണാന്‍ പറ്റുന്ന സ്വര്‍ഗമാണ് കുറുമ്പാലക്കോട്ട.
ഒരേ മനസുള്ള , ഉള്ളറിയുന്ന സുഹൃത്തുക്കളും, ഇഷ്ടമുള്ളിടത്തൊക്കെ പോവാനുള്ള മനസും ഉണ്ടെങ്കില്‍ യാത്രകള്‍ അടിപൊളിയാകും എന്ന് മനസിലാക്കിയാണ് ഒരു ദിവസം വെളിച്ചത്തിലേക്കു വരുമ്പോള്‍ ഞങ്ങള്‍ മല ഇറങ്ങിയത്….

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Travelogue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here