ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (02-11-2020)

കള്ളപ്പണ ഇടപാട്; പി ടി തോമസ് എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

പി ടി തോമസ് എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക. എറണാകുളം റേഞ്ച് എസ്പിയുടെ കീഴിലാണ് അന്വേഷണം നടത്തുന്നത്.

കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സ്വപ്നയുടെ ഹര്‍ജി തള്ളി

കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.രഹസ്യ സ്വഭാവമുള്ള രേഖകളാണെന്നതിനാല്‍ നല്‍കേണ്ടെന്നാണ് കോടതി ഉത്തരവ്. കേസില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു.

ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി സമര്‍പ്പിച്ച ഹര്‍ജി അഞ്ചിന് പരിഗണിക്കും

ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ബിനോയി കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നവംമ്പര്‍ അഞ്ചിലേക്ക് മാറ്റി. കര്‍ണാടക ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കും. തനിക്ക് ശാരീരിക അവശതയും ഛര്‍ദിയുമുണ്ടെന്ന് ഇഡി ഓഫീസിലേക്ക് കൊണ്ട് വരുന്നതിനിടെ ബിനീഷ് പറഞ്ഞു.

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി; പരാതിക്കാരന്‍ നിക്ഷേപിച്ച മുഴുവന്‍ പണവും തിരിച്ച് നല്‍കി

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരന്‍ നിക്ഷേപിച്ച മുഴുവന്‍ പണവും തിരികെ നല്‍കിയാണ് ഒത്തുതീര്‍പ്പാക്കിയത്. പരാതിക്കാരന്‍ പി ഹരികൃഷ്ണന്‍ ആറന്മുള സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചു.

ലൈഫ് മിഷൻ അഴിമതി കേസ്: ശിവശങ്കറിനെ പ്രതിചേർത്ത് വിജിലൻസ്

ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർക്കൊപ്പമാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ.

നടിയെ ആക്രമിച്ച കേസ്; വിചാരണ വെള്ളിയാഴ്ച വരെ മരവിപ്പിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. ഹൈക്കോടതിയുടേതാണ് നടപടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.

‘ബിനീഷിന് പണത്തിനോട് ആർത്തി; തിരുത്തേണ്ടിയിരുന്നു’: എം. എം ലോറൻസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പണത്തിനോട് ആർത്തിയെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം. എം ലോറൻസ്. പലഘട്ടങ്ങളിലും ബിനീഷിനെ തിരുത്തണമായിരുന്നു. അതിനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും എം. എം ലോറൻസ് ട്വന്റിഫോറിനോട് പറഞ്ഞു.

ന്യൂസീലൻഡിൽ മലയാളി മന്ത്രി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി കൊച്ചി സ്വദേശിനി

ന്യൂസീലൻഡ് മന്ത്രിസഭയിൽ ജസീന്ത ആർഡേണിനൊപ്പം മലയാളി വനിത. എറണാകുളം സ്വദേശിനി പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിൽ പദവി ലഭിച്ചത്. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണൻ പാർലമെന്റിൽ ഇടം നേടുന്നത്.

ഹിസ്ബുൾ മുജാഹിദീന്റെ താഴ്‌വരയിലെ ഓപ്പറേഷൻ കമാൻഡർ കൊല്ലപ്പെട്ടു

ഹിസ്ബുൾ മുജാഹിദീന്റെ താഴ്‌വരയിലെ ഓപ്പറേഷൻ കമാൻഡർ കൊല്ലപ്പെട്ടു. ഡോ. സെയ്ഫ് എന്ന റിയാസ് നായ്ക്കുവിനെയാണ് സൈന്യം വധിച്ചത്. ഡോ.സെയ്ഫ് കൊല്ലപ്പെട്ടത് ഭീകരവിരുദ്ധ നടപടിയിലെ വലിയ നേട്ടമാണെന്ന് സംയുക്ത സേന പറയുന്നു. മൂന്ന് ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സെയ്ഫ് ആയിരുന്നു.

Story Highlights news round up, todays headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top