Advertisement

കന്യാകുമാരിക്കൊരു യാത്ര പോയാലോ…!

November 2, 2020
Google News 1 minute Read

..

വന്ദന അനിത ആനന്ദ്/യാത്രാവിവരണം

മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ് ലേഖിക

ശംഖുമുഖത്ത് ഇരുന്ന് കട്ടന്‍ കുടിച്ച് കടലു കണ്ടിരുന്നപ്പോള്‍ കന്യാകുമാരി ചെന്നാല്‍ കടലിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണെന്ന് കേട്ട് വണ്ടി കേറിയതാണ് തമ്പാനൂര്‍ നിന്ന്. കുറേ പേരെ വിളിച്ചു നോക്കി കൂട്ടിന്, ഒടുക്കം നമ്മുടെ സ്വന്തം സുഹൃത്തിനെ കൂട്ടിന് കിട്ടി.

വെളുപ്പിനെ 5.00 മണിക്ക് പുറത്തിറങ്ങി ഓട്ടോ പിടിച്ച് പോകാമെന്ന വ്യാമോഹമൊക്കെ പെട്ടെന്ന് തന്നെ അങ്ങ് ഇല്ലാണ്ടായി. കാരണം അന്ന് നമ്മുടെ കേരളത്തിലെ സുപ്രധാനമായ ഒരു സംഭവ ദിവസമായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. പുറത്ത് റോഡിലെ തണുപ്പൊക്കെ കൊണ്ട് നിക്കുമ്പോഴും ഓട്ടോ പെട്ടെന്ന് കിട്ടി തമ്പാനൂര്‍ എത്തുന്ന സ്വപ്നത്തിലായിരുന്നു മനസ്. തൊട്ടടുത്ത് രണ്ട് പൊലീസ് ജീപ്പ് കിടക്കുന്നത് കൊണ്ട് കുറച്ച് സമാധാനത്തില്‍ ഒക്കെയാണ് നിന്നത്. അത് വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. ആ രണ്ട് ജീപ്പും ചെറിയ ഇടവേളയില്‍ അവിടെ നിന്നും പോയി. പോളിംഗ് ബൂത്തിന്റെ കാവലിനു വന്നോണ്ടാകും അവര്‍ക്ക് പറഞ്ഞിരിക്കുന്ന ഡ്യൂട്ടിയൊക്കെയേ ചെയ്യാറുള്ളായിരിക്കും.

ഇടയ്ക്ക് രണ്ട് ഓട്ടോ പോയെങ്കിലും ആളുള്ളതിനാല്‍ നിര്‍ത്തിയില്ല. പിന്നെ പതുക്കെ മെയിന്‍ റോഡിലേക്ക് നടന്നു. അന്നേരം വീണു കിട്ടിയ ഒരു ഓട്ടോയും പിടിച്ച് തമ്പാനൂര്‍ എത്തി. അവിടെ ചെന്നപ്പോള്‍ സുഹൃത്ത് നേരത്തെയെത്തിയിരുന്നു. ഞാന്‍ ഓട്ടോ ഒക്കെ നോക്കി നിന്ന നേരം കൊണ്ട് ആദ്യത്തെ ബസ് പോയിരുന്നു. അതില്‍ ചെറിയ പിണക്കത്തിന് ശേഷം പിന്നെ വന്ന തമിഴ്‌നാട്- നാഗര്‍കോവില്‍ ബസിന് കയറി മാര്‍ത്താണ്ഡത്ത് സ്റ്റാന്‍ഡിന് മുന്നില്‍ ഉള്ള പാലത്തില്‍ ഇറങ്ങി.

ഇടയ്ക്ക് ഉറക്കത്തിന്റെ ഹാങ്ങ് ഓവറില്‍ എത്തിയത് അറിഞ്ഞതേയില്ല. അവിടുന്ന് പാലത്തിന് താഴെ ബസ് കേറാന്‍ കുറച്ച് ആളുകള്‍ നില്‍ക്കുന്നത് കണ്ടു. അവിടെ ചെന്ന് ചിത്തരാളിലേക്കുള്ള ബസ് ചോദിച്ചു. ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന ബസ് അല്പം മുന്‍പാണ് പോയതെന്നറിഞ്ഞു. ഇനി അതു പോയി തിരിച്ചു വരണം. അതിനിടയ്ക്ക് പല ഭാഗത്തേക്കുള്ള ബസുകളും പോകുന്നുണ്ടായിരുന്നു.

ഇടയ്ക്ക് ഒരു ബസ് വന്നു, അത് ഒരല്‍പം കറങ്ങി ആണെങ്കിലും ചിത്തരാള്‍ പോകും എന്ന് അവിടെ നിന്നവര്‍ പറഞ്ഞു. അങ്ങനെ അതില്‍ കയറി, 20 മിനിറ്റ് കൊണ്ട് അവിടെ എത്തും എന്ന് പറഞ്ഞത് കേട്ട് കയറിയതാരുന്നു. കുറച്ച് ചുറ്റി പോകും എന്ന് പറഞ്ഞത് ഒരൊന്നൊന്നര ചുറ്റലായിരുന്നു. ബസ് അവസാനം എത്തി ചേര്‍ന്നത് മൂന്ന് വഴി കൂടി ചേരുന്നിടത്താണ്. അടുത്തുള്ള കടയില്‍ കയറി തിരക്കിയപ്പോള്‍ അവിടെ നിന്നും താഴേക്കുള്ള വഴി ഇറങ്ങി വലത്തേക്ക് തിരിയുന്നതാണ് അവിടേക്കുള്ള വഴി എന്ന് അറിഞ്ഞു. താഴേക്ക് നടന്ന് ചെന്നപ്പോള്‍ വലത്തേക്ക് തിരിയുന്നിടത്ത് ഒരു ബസ് കിടപ്പുണ്ടായിരുന്നു. അവിടെ അടുത്തു കണ്ട ചായക്കടയില്‍ കയറി ചായ കുടിച്ച് ബസില്‍ കയറി.

10.55 ആയപ്പോള്‍ ബസ് എടുത്തു. 10 മിനുറ്റു കൊണ്ട് ക്ഷേത്രത്തിന് മുന്നില്‍ എത്തി. അവിടെ മുന്‍വശത്തായി വലിയൊരു കമാനം ഉണ്ടായിരുന്നു. പുറത്ത് ധാരാളം ബോര്‍ഡുകളുമുണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഉള്ളിലേക്ക് ചൂണ്ടിയ അടയാളവും അതില്‍ ബാലികാ സദനമെന്നും സൂചന കൊടുത്തിട്ടുണ്ടായിരുന്നു. വഴിയുടെ ഇരുവശവും കടകള്‍ ഉണ്ട്. അകത്തേക്ക് കയറുമ്പോള്‍ വലതു വശത്ത് കുറച്ച് വീടുകള്‍ ആണുള്ളത്. ആ വഴി രണ്ടായി തിരിയുന്നിടത്ത് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകുന്നത് നേരെ ഒരു ഗേറ്റും ഇരുവശവും മരങ്ങളും പാറയും ഒക്കെയുള്ള കല്ല് പാകിയ വഴിയിലേക്കാണ്. ഗേറ്റ് കടക്കുന്നതിന് ഇടത്തേക്ക് ചേര്‍ന്ന പാര്‍ക്കിംഗ് ഗ്രൗണ്ട് ആണ്. വലത്തേക്ക് തിരിയുന്നതില്‍ ഒരുപാട് വീടുകള്‍ കാണാം.

ഗേറ്റ് കടന്ന് നേരെ നടന്ന് മുകളില്‍ എത്തണം, അതിന് മുന്‍പ് പുല്‍ചെടികള്‍ നിറഞ്ഞ പൂന്തോട്ടമുണ്ട് (അത്രമാത്രം ഒന്നുമില്ലായെങ്കിലും ഒരു ഉദ്യാനത്തിന്റെ കെട്ടുംമട്ടും പേറുന്ന ഒരിടം) അവിടെ എത്തുന്നതുവരെ ഇരിക്കാന്‍ കല്ല് കൊണ്ടുള്ള ഇരിപ്പിടങ്ങളുണ്ട്. ഈ അമ്പലവും അതിനെ ചുറ്റിയുള്ള വസ്തുവും സര്‍ക്കാര്‍ അധീനതയില്‍ ആണുള്ളത്. ചുറ്റി വളഞ്ഞ് മുകളില്‍ എത്തുമ്പോള്‍ വലിയൊരു പാറയുടെ വശത്തായി ഒരു ആല്‍മരവും അതിനു താഴെ മുന്‍പ് കണ്ട പോലുള്ള ഇരിപ്പിടങ്ങളുമാണ്.

തൊട്ടപ്പുറത്തായി കുറച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ ബോര്‍ഡുകളുമുണ്ട്. പാറയുടെ മറുവശത്ത് ആണ് ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ഗുഹാ ക്ഷേത്രത്തിന്. പിന്‍വശത്തുകൂടി വരുമ്പോള്‍ മുന്നിലേയ്ക്ക് പോകാന്‍ പാറയ്ക്ക് ഇടയിലൂടെ വലിയ പാറകഷ്ണമുപയോഗിച്ചുള്ള വഴിയാണ്. താഴേക്ക് പടികള്‍ ഇറങ്ങി ചെല്ലുമ്പോള്‍ ഇടത് വശത്ത് ഒരു മണ്ഡപമുണ്ട് അവിടെ ഭിത്തിയില്‍ തീര്‍ത്ഥങ്കരന്‍മാരുടെ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ധ്യാന നിരതനായ കുറേ ജൈന തീര്‍ത്ഥങ്കരന്‍മാര്‍. ഈ ഗുഹാ ക്ഷേത്രത്തിന്റെ പേര് ചിത്തരാള്‍ മലൈ കോവില്‍ എന്നാണ്. ജൈന മതത്തിന്റെ അവശേഷിപ്പുകള്‍ വലത് വശത്തെ ഒരു വലിയ പാറയില്‍ കൊത്തിവെച്ചിട്ടുണ്ട്. അതിന് മുന്നില്‍ ഒരു ശിലാ സ്തൂപവുമുണ്ട് കാലപ്പഴക്കത്തെ സംബന്ധിച്ച രേഖകള്‍ ചുവപ്പും നീലയും നിറത്തിലെ ബോര്‍ഡുകളില്‍ കാണിച്ചിട്ടുണ്ട്. മണ്ഡപത്തിന് തൊട്ടുതാഴെ യക്ഷ ദേവന്‍മാരുടെ ശിലകളും ഉണ്ട്. ഏറ്റവും മുന്‍പില്‍ പടികള്‍ കയറി ചെല്ലുമ്പോള്‍ ബലിക്കല്ലും വലിയ ഒരു അറയുമാണ് ഉള്ളത്. ഇതിന് മുന്നില്‍ മൂന്ന് കവാടങ്ങളുണ്ട്. തെക്ക് വശത്തായി മറ്റൊന്നും. ആ വലിയ അറയ്ക്കുള്ളില്‍ തീര്‍ത്ഥങ്കരന്റെയും (മഹാവീര) ദേവിയുടെയും വലതു വശത്തായി പാര്‍ശ്വനാഥന്റെയും ശില്പങ്ങളാണ്. അറയ്ക്ക് ശേഷം പാറകള്‍ക്കുള്ളിലായി മറ്റൊരു ശില്പം കൂടിയുണ്ട്. ഇവിടേക്ക് വലതു വശത്തു കൂടി പടികള്‍ കയറിയെത്താം.

ക്ഷേത്രത്തിന് ചുറ്റും മരങ്ങളും ചെടികളുമാണ്. ക്ഷേത്രത്തിന് മുകളിലായി ക്ഷേത്രത്തിന്റേതായ രൂപങ്ങളുള്ള മറ്റൊന്ന് കൂടിയുണ്ട്. പടിഞ്ഞാറേക്ക് അഭിമുഖമായ ക്ഷേത്രത്തിന് മുന്നില്‍ പാറകളില്‍ നിന്ന് വെള്ളം വന്ന് നിറഞ്ഞ ഒരു കുളവും പാറക്കെട്ടുകള്‍ക്കിടയില്‍ മറ്റൊന്നുമുണ്ട്. ചുറ്റും പാറക്കൂട്ടം മാത്രമാണ്. അവിടെല്ലാം ചുറ്റി നടന്ന് ഫോട്ടോസ് എടുത്ത ഇറങ്ങുമ്പോള്‍ ഫോട്ടോഷൂട്ടിനായി വെഡ്ഡിംഗ് ഫോട്ടോഗ്രഫി ടീം കയറി വരുന്നുണ്ടായിരുന്നു. ഞങ്ങള്‍ വന്ന വഴിയേ ഇറങ്ങി ആലിന്റെ ചുവട്ടില്‍ എത്തി കുറച്ചു നേരം അവിടെ പാറയില്‍ ഇരുന്നു. താഴേക്കിറങ്ങി വീണ്ടും പഴയ ഗേറ്റിനടുത്തെത്തി. അവിടുന്നു കുറച്ച് നടന്ന് ബസ് സ്റ്റോപ്പിലെത്തി മാര്‍ത്താണ്ഡം ബസിനു കയറി. അവിടുന്ന് കന്യാകുമാരി പോകാന്‍ ഒറ്റ ബസ് കാണാത്തതിനാല്‍ മാര്‍ത്താണ്ഡത്ത് സ്റ്റാന്‍ഡില്‍ നിന്നും നാഗര്‍കോവില്‍ ബസ് കയറി. സ്റ്റാന്‍ഡിലെ കടകളില്‍ ഒന്നില്‍ നിന്നും ഒരു കുപ്പി വെള്ളവും വാങ്ങിയാണ് ബസ് കയറിയത്. മൂന്ന് സെക്ഷനായാണ് ബസുകള്‍ കൊണ്ടു നിര്‍ത്തുക. സ്റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ ഇടതു വശത്ത് എതിര്‍ സൈഡില്‍ ഏറ്റവും ഒടുവിലാണ് നാഗര്‍കോവില്‍ ബസ് നിര്‍ത്തുക. സമയം ഉച്ചയോടടുത്തതിനാല്‍ നല്ല ചൂടുണ്ടായിരുന്നു. 15 മിനിറ്റ് നേരത്തെ കാത്തിരിപ്പിനൊടുവില്‍ ബസ് എത്തി. കുറേ നേരമായി നാഗര്‍കോവില്‍ ബസ് നോക്കി ആളുകള്‍ നില്‍ക്കുവായിരിക്കണം. നല്ല തിരക്കുണ്ടായിരുന്നു.

സ്റ്റാന്‍ഡിന്റെ ആ വശത്ത് കുറച്ച് കുട്ടികളും അവരുടെ അമ്മമാരും (അത്രയൊന്നും പ്രായം തോന്നിക്കില്ലെങ്കിലും) എണ്ണ തേക്കാതെ ചെമ്പിച്ച് പാറിപ്പറന്ന മുടിയും അഴുക്കുപുരണ്ട വേഷത്തിലും അവിടവിടെയായി ഇരിപ്പുണ്ടായിരുന്നു. അതിലൊരു പെണ്‍കുട്ടി ഒരു കൊച്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് കെട്ടിയ ഷോളില്‍ പൊതിഞ്ഞ് യാത്രക്കാരോട് കൈനീട്ടുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് കുഞ്ഞ് ചുമയ്ക്കുന്നുണ്ടായിരുന്നു, അപ്പോഴൊക്കെ ഏതോ ഭാഷയില്‍ അതിനോട് മിണ്ടാതിരിക്കാന്‍ പറയുന്നുണ്ടായിരുന്നു.

ബസ് പാലത്തില്‍ എത്തിയപ്പോഴാണ് ഒരു നാഗര്‍കോവില്‍ കെഎസ്ആര്‍ടിസി ബസ് പോകുന്നത് കണ്ടത്. നാഗര്‍കോവില്‍ സ്റ്റാന്‍ഡും മാര്‍ത്താണ്ഡത്തേതിന് സമാനമാണ്. പക്ഷേ ഇപ്രാവശ്യം യാത്രക്കാര്‍ ബസ് കാത്ത് നിക്കുന്ന സ്ഥലം നിറച്ച് മുന്‍പ് കണ്ട പോലെ ചെമ്പിച്ച മുടിയും അഴുക്കുപുരണ്ട വേഷത്തിലും കുറേ മനുഷ്യര്‍. അവര്‍ ഓരോരുത്തരും അവരവരുടേതായ തിരക്കുകളില്‍ ആയിരുന്നു. ഇവര്‍ക്കൊപ്പമുള്ള കുട്ടികള്‍ അവിടമാകെ ഓടി നടക്കുകയും തമ്മില്‍ അടി കൂടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

ഉച്ച നേരത്തെ ചൂട് അസഹനീയമായിരുന്നു. അതിനിടയ്ക്ക് ഒരു ബസ് വന്ന് നിന്നു. അതല്പം ചുറ്റി പോകുന്നതാണെന്നും വേറൊന്നു വരും അതാണ് നല്ലതെന്നും അവിടെ കണ്ടൊരാള്‍ പറഞ്ഞു. അങ്ങനെ ആ ബസ് വരാനായി കാത്തു നിന്നു. സ്റ്റാന്‍ഡിനു നടുക്കുള്ള പോസ്റ്റിനടുത്തായാണ് ബസ് നിര്‍ത്തുക. വഴി നീളെ വരണ്ട ഭൂമി തന്നെയായിരുന്നു. പക്ഷേ പോകുന്ന വഴിയൊക്കെയും റോഡ് അരികില്‍ യാത്രക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. ബസ് 12.45 ആയപ്പോള്‍ കയറി ഏകദേശം 1.45 ആയപ്പോള്‍ കന്യാകുമാരി എത്തി. ഇറങ്ങിയ അതേ സൈഡില്‍ ജനറല്‍ ഹോസ്പിറ്റലിന് എതിര്‍ വശത്തുള്ള ഹോട്ടലില്‍ കയറി വിശപ്പും തീര്‍ത്ത് പതുക്കെ കടല്‍ തീരത്തേക്ക് നടന്നു. പോകുന്ന വഴി നിറയെ കടകളാണ് പലയിടത്തും ശംഖു കൊണ്ടുള്ള സാധനങ്ങളാണ്. ഒരുപാട് കൈനോട്ടക്കാരും തത്തയെ കൊണ്ട് കുറിയെടുപ്പിച്ച് ഭാവി പറയുന്നോരും ചുറ്റുമുണ്ട്. അടുത്തുള്ള അമ്പലത്തിന് അടുത്തായി എല്ലാവരും തമ്പ് അടിച്ചിരിക്കുന്നത്.

തീരത്ത് നിന്നു കൊണ്ട് വിവേകാനന്ദപാറയും തിരുവള്ളുവരെയും കാണാം. കുറച്ച് നേരം നിന്ന് കടലിന്റെ ഭംഗി ആസ്വദിച്ചു നിന്നിട്ട് ഫോട്ടോഗ്രാഫേഴ്‌സിന്റെയും കടലില്‍ ഇറങ്ങാന്‍ വരുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും ബഹളത്തില്‍ നിന്നും ഒച്ചപ്പാടില്‍ നിന്നും പിന്‍വാങ്ങി. തിരിച്ച് തീവണ്ടിയിലായിരുന്നു മടക്കം രാത്രി 8.15 ഓടെ തിരുവനന്തപുരം എത്തി.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights kanyakumariyil oru yathra poyalo – Travelogue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here