ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (30-11-2020)
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണം: പ്രതിപക്ഷ നേതാവ്
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി റെയ്ഡിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത്. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനമാണ് നടത്തിയത്. ആ വിമര്‍ശനം ഉണ്ടായപ്പോള്‍ പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ മുന്‍പത്തേതുപോലെ യഥേഷ്ടം വില്‍പന നടത്താന്‍ അനുമതി നല്‍കുമെന്നും ഡിസംബറില്‍ സമരക്കാരുമായി വിശദമായി ചര്‍ച്ച നടത്താമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കെഎസ്എഫ്ഇയിലെ റെയ്ഡ്; മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെതിരെ സിപിഐഎമ്മിലെ ഒരു വിഭാഗം
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ഉന്നമിട്ട് സിപിഐഎമ്മിലെ ഒരു വിഭാഗം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയിഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണെന്നാണ് ആരോപണം. രമണ്‍ ശ്രീവാസ്തവ സ്വകാര്യ ചിട്ടിക്കമ്പനിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്. തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ലക്ഷ്യമിട്ടത് ശ്രീവാസ്തവയെയെന്നും സൂചനയുണ്ട്. അതേസമയം, വിജിലന്‍സ് റെയ്ഡില്‍ അതൃപ്തിയുമായി സിപിഐയും രംഗത്ത് എത്തിയിരുന്നു.
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയില്‍ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടെന്ന് വിജിലന്‍സ്. റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷമാണെന്ന് വിജിലന്‍സ് പുറപ്പെടുവിച്ച കത്തില്‍ പറയുന്നു. രഹസ്യ പരിശോധന നടന്നത് നവംബര്‍ പത്തിനെന്നും കത്തില്‍. റെയ്ഡിനായി വിജിലന്‍സ് പുറപ്പെടുവിച്ച കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
കെഎസ്എഫ്ഇയിലെ റെയ്ഡ്; വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും
കെഎസ്എഫ്ഇ സ്ഥാപനങ്ങളിലെ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ക്രമക്കേടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലായെന്നാണ് സൂചന. പരിശോധന നടന്നത് ഏത് സാഹചര്യത്തിലാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്; വിമര്‍ശനവുമായി സിപിഐ
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം. റെയ്ഡ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിവാദ വ്യവസായത്തിന് ഇന്ധനം നല്‍കുന്ന സംഭവമെന്നാണ് പാര്‍ട്ടി മുഖപത്രത്തില്‍ വിമര്‍ശനം. ‘റെയ്ഡിലെ അനൗചിത്വം ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കണം. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ലക്ഷ്യമെങ്കില്‍ അത് അനുവദിക്കാനാകില്ല.’ ധന വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് റെയ്‌ഡെന്നും സിപിഐ.
കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രതാ നിര്‍ദേശം
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കളക്ടര്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കടലില്‍ പോകുന്നതിന് പൂര്‍ണമായും വിലക്കി. നിലവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ധരാത്രിയോടെ മടങ്ങിയെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അടിയന്തര സന്ദേശം നല്‍കും.
സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ അബൂബക്കര്‍ പഴേടത്ത്, അബ്ദു പി.ടി., മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഷെഫീഖ് എന്നിവരടക്കമുള്ള പത്ത് പേരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഐഎയുടെ ആവശ്യം.
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം; ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയാണ് കെഎസ്ആർടിസി ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മീഡിയനിൽ കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ അരുൺ സുകുമാർ (45 ) ആണ് മരിച്ചത്. നാലു പേരുടെ നില ഗുരുതരമാണ്. രാവിലെ 4.15ലോട് കൂടിയായിരുന്നു അപകടം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. അടുത്ത 12 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റാകാനുള്ള നേരിയ സാധ്യതയുള്ളതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Story Highlights – todays headlines 30-11-2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here