ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (07-12-2020)
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ സംഘപരിവാര്‍ സംഘടനകളില്‍ അഭിപ്രായ ഭിന്നത. ഗോള്‍വാള്‍ക്കറെ ആദരിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പ്രതികരിച്ചു.
പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി. ഡല്‍ഹിയിലെ പുതിയ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.
സാമൂഹിക അകലമില്ല; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ തിക്കും തിരക്കും
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ തിക്കും തിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ കേന്ദ്രത്തിലാണ് സാമൂഹിക അകലം പാലിക്കാതെ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത്. സംഭവം വാര്‍ത്തയായതോടെ പൊലീസ് ഇടപെട്ടു. ഡിസിപി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി. റിട്ടേണിംഗ് ഓഫീസര്‍മാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ഡിസിപി അറിയിച്ചു.
കൊല്ലം മണ്‍റോതുരുത്തിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഫലമാണ് കൊലപാതകം. കൊലപാതകങ്ങളെ ന്യായികരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അക്രമത്തെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
കൊറോണയില്‍ നിന്ന് അകന്നുനില്‍ക്കണം എന്ന് പറയുന്നതുപോലെ കേരള സര്‍ക്കാരില്‍ നിന്ന് വോട്ടര്‍മാര്‍ അകന്നുനില്‍ക്കണം എന്ന് പറയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്രത്തോളം തകര്‍ച്ചയിലാണ് ഇടത് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം കടലിനക്കരെയും വാര്‍ത്താലോകം; ട്വന്റിഫോര്‍ യുഎസ്എ ഉദ്ഘാടനം ചെയ്തു
ഏഴാം കടലിനക്കരെ പുത്തന്‍ വാര്‍ത്താ സംസ്‌കാരത്തിന്റെ നിര്‍മിതിക്കായി ട്വന്റിഫോര്‍ അമേരിക്കയിലേക്ക്. ട്വന്റിഫോര്‍ യുഎസ്എയുടെ ഉദ്ഘാടനം ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ രണ്‍ധീര്‍ സിംഗ് ജയ്‌സ്വാള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശത്രുഘ്‌നന്‍ സിന്‍ഹ ആശംസ അറിയിച്ചു. പുതുതലമുറ വാര്‍ത്താ സങ്കേതങ്ങളുടെ സഹായത്തോടെ ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം അമേരിക്കയിലേക്കും എത്തിക്കുകയാണ് ട്വന്റിഫോര്‍ യുഎസ്എയുടെ ലക്ഷ്യം.
ഏഴായിരം രൂപയെ ചൊല്ലി തര്‍ക്കം; ഇടുക്കി ഇരട്ടയാറില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നു
ഇടുക്കി ഇരട്ടയാര്‍ വലിയ തോവാളയില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് ഇന്ത്യ ഈ മാസം അനുമതി നല്‍കും
കൊവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ ഈ മാസം മൂന്നാം വാരത്തില്‍ അനുമതി നല്‍കും. ഇതിനായുള്ള നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ അപേക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദേശിച്ചു. രണ്ട് വ്യത്യസ്ത ഡോസിംഗ് വ്യവസ്ഥകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് അനുമതി തേടിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ വാക്‌സിന് അനുമതി നല്‍കിയാല്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗം ഇന്ത്യയിലും ആരംഭിക്കും.
സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട്അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പോളിംഗ്ബൂത്തുകള്‍ ഇന്ന് സജ്ജമാകും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ശിവസേനയും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പതിനാറായി. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും കര്‍ഷക റാലികള്‍ നടക്കും.
Story Highlights – todays headlines 07-12-2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here