ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (10-12-2020)
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തുകഴിഞ്ഞു. വയനാട്ടില്‍ 27.44 ശതമാനവും പാലക്കാട് 26.18 ശതമാനവും തൃശൂരില്‍ 26.41 ശതമാനവും എറണാകുളത്ത് 25.89 ശതമാനവും കോട്ടയത്ത് 26.33 ശതമാനം പോളിംഗും രേഖപ്പെടുത്തിക്കഴിഞ്ഞു.
കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ വീണ്ടും പോക്സോ കേസ്
കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പൊലീസാണ് കേസെടുത്തത്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 17 ാം തിയതിയാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കോടികള്‍ ചെലവഴിക്കുന്നു. പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി ലോക കേരളസഭ രൂപീകരിച്ചു. അതിനെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 8.04 ശതമാനം പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത് 8.91 വോട്ടുകളാണ് ഇതുവരെ പോള്‍ ചെയ്തത്.
മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ
മന്ത്രി എ. സി മൊയ്തീനെതിരെ ആരോപണവുമായി അനിൽ അക്കര എം.എൽ.എ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മന്ത്രി മൊയ്തീൻ രാവിലെ 6.55 ന് വോട്ടു ചെയ്തത് ചട്ടലംഘനമാണെന്ന് അനിൽ അക്കര ആരോപിച്ചു. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം: ആദ്യ അരമണിക്കൂറില്‍ 2.42 ശതമാനം പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. ആദ്യ അരമണിക്കൂറില്‍ 2.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട്ടില്‍ 2.3 ശതമാനം, പാലക്കാട്ട് 2.21 ശതമാനം, തൃശൂരില്‍ 2.36 ശതമാനം, എറണാകുളം 2.47 ശതമാനം, കോട്ടയം 2.37 ശതമാനം എന്നിങ്ങനെയാണ് ആദ്യ അരമണിക്കൂറില്‍ പോളിംഗ് രേഖപ്പെടുത്തിയത്.
മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കും: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്
തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ക്ക് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് കൃത്യമായി അറിയാം. അത് എല്‍ഡിഎഫിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും സി. രവീന്ദ്രനാഥ് ട്വന്റിഫോറിനോട് പറഞ്ഞു. തൃശൂരില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു മന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; വോട്ടെടുപ്പ് ആരംഭിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ മോക് പോളിംഗ് ആരംഭിച്ചിരുന്നു. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; മോക് പോളിംഗ് ആരംഭിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ മോക് പോളിംഗ് ആരംഭിച്ചു. മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് ഇന്ന് വിധിയെഴുതുക. രാവിലെ ആറുമണിക്ക് തന്നെ മോക്‌പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍
കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭേദഗതി അടക്കം നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്നലെ തള്ളിയിരുന്നു. അതേസമയം, പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചതോടെ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു.
Story Highlights – todays headlines 10-12-2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here