ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (15-12-2020)

എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎക്ക് നിയമോപദേശം

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎക്ക് നിയമോപദേശം. യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വിധി വന്ന ശേഷം നടപടി സ്വീകരിക്കാം. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി സുപ്രിം കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. ജഡ്ജിയെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നും അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി അനുവാദം നല്കി.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രാദേശിക സഖ്യം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി.

ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു; ജനുവരിയില്‍ ചുമതലയേല്‍ക്കും

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും.

രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്ന് റിപ്പോര്‍ട്ട്; ചിഹ്നം ഓട്ടോറിക്ഷ

തമിഴ് നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് അംഗീകരിച്ചെങ്കിലും ഈ മാസം 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപനം നടത്തൂ. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.

കർഷക സമരം ഒത്തു തീർപ്പാക്കാൻ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ ഉദ്ദേശിക്കുന്ന ഒരു നിർദേശം. ഇതോടൊപ്പം കാർഷിക ബില്ലിൽ ചില ഭേദ​ഗതികൾ വരുത്തുമെന്നും കേന്ദ്രസർക്കാർ പറയുന്നു. ഈ നിർദേശങ്ങൾ ഉടൻ കർഷകർക്ക് മുന്നിൽവയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ്; 2015ലേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും: എം എം ഹസന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്. 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമെന്നും എം എം ഹസന്‍. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസന്‍.

ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് എതിരെ ഇ ഡി; കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്ന് കണ്ടെത്തല്‍

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റൗഫിന് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്നാണ് കണ്ടെത്തല്‍. വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ റൗഫിന്റെ പങ്ക് അന്വേഷിക്കുന്നതായി ഇ ഡി അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പസ് ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ് വഴി പണം വിതരണം ചെയ്‌തെന്നാണ് സൂചന.

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തം; പൊലീസ് ലാത്തി വീശി

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ് പൊലീസ് നടപടി. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. സമരത്തെ തുടര്‍ന്ന് ഇന്നും എയിംസിന്‍റെ പ്രവര്‍ത്തനം നിലച്ചു.

ജോസ് കെ മാണിയിൽ പ്രതീക്ഷ; എൽഡിഎഫിൽ ചേർന്നത് ​ഗുണം ചെയ്യുമെന്ന് എ. വിജയരാഘവൻ

ജോസ് കെ മാണിയിൽ പ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ജോസ് വിഭാ​ഗം എൽഡിഎഫിൽ ചേർന്നത് ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ജോസ് കെ മാണി വിഭാ​ഗത്തിന് നിർണായകമായ സ്വാധീനമുണ്ടെന്നും വിജയരാഘവൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.

കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം; മനുഷ്യക്കടത്തിന് കേസെടുത്തു

കൊച്ചിയിൽ തമിഴ്നാട് സ്വ​ദേശിനിയായ സ്ത്രീ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്തു. തമിഴ്നാട്ടിൽ നിന്ന് ജോലിക്കെന്ന പേരിൽ എത്തിച്ച് പൂട്ടിയിട്ടതിന് ഫ്ളാറ്റ് ഉടമയ്ക്കെതിരെയാണ് കേസെടുത്തത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി നാളെ അറിയാം

തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി നാളെ അറിയാം. വോട്ടെണ്ണൽ എട്ട് മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ആദ്യ ഫല സൂചനകൾ എട്ടരയോടെ അറിയാനാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെണ്ണൽ ലീഡ് നില രാവിലെ എട്ട് മണിമുതൽ ട്വന്റിഫോറിൽ കാണാം.

ജിഎസ്ടി വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് 42000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രാലയം

സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാന നഷ്ടം നികത്താൻ 42000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രാലയം. ഇതിൽ പ്രതിവാര ഗഡുവായ 6000 കോടി രൂപ തിങ്കളാഴ്ചയാണ് വിതരണം ചെയ്തത്. ധനമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

കർഷക പ്രക്ഷോഭം; രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക്

കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക്. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ വ്യക്തമാക്കി. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ കർഷകർ മാത്രമാണ് നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളതെന്ന് കേന്ദ്രമന്ത്രി തവർ ചന്ദ് ഗെഹ്ലോട്ട് ആരോപിച്ചു. സമരത്തിനെത്തിയ കർഷകരുടെ ട്രാക്ടറുകൾ യു.പി പൊലീസ് പിടിച്ചെടുത്തുവെന്ന് ഭാരത് കിസാൻ യൂണിയൻ(ഭാനു) നേതാക്കൾ അറിയിച്ചു.

പ്രായം മാനദണ്ഡമാക്കി പാര്‍ട്ടിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

പ്രായം മാനദണ്ഡമാക്കിയ നിയന്ത്രണങ്ങള്‍ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സംഘടനാപരമായി പാര്‍ട്ടിയെ ശക്തമാക്കുന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ ‘സ്വയം വിരമിക്കല്‍’ പ്രഖ്യാപനം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടി.

Story Highlights – news round up, todays headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top