ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (20-01-2021)

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടക്കുമെന്ന് സൂചന. ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ അടുത്തയാഴ്ചയോടെ കേരളത്തിലെത്തും. ഇവരുടെ സന്ദര്‍ശനത്തിന് ശേഷമാകും തിയതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും വിളിക്കും.

നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി. നാല്‍പത് നിര്‍ണായക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാന നേതാക്കളും പൊതുസമ്മതരും ഈ മണ്ഡലങ്ങളില്‍ മത്സരത്തിനിറങ്ങും. ദേശീയ നേതാക്കള്‍ ഈ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തും.

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പറവൂര്‍ എംഎല്‍എ വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

കൊവിഡ് വിവര വിശകലനം; സ്പ്രിംഗ്‌ളറിന് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

കൊവിഡ് വിവര വിശകലനത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. സ്പ്രിംഗ്ലര്‍ നല്‍കിയ കരാര്‍ രേഖ ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഏകപക്ഷീയമായി നടപ്പാക്കി. ചീഫ് സെക്രട്ടറിയും കരാറിനെക്കുറിച്ച് അറിഞ്ഞില്ല. മുഖ്യമന്ത്രി പോലും അറിയാതെ കരാര്‍ ഒപ്പിട്ടത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. ഈ കരാറിലൂടെ പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് സമ്പൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

സ്വര്‍ണകള്ളക്കടത്ത് കേസ്; കസ്റ്റംസ് കുറ്റപത്രം വൈകും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്‍ക്ക് കസ്റ്റംസ് ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ 11 ാം തിയതിയായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കസ്റ്റംസ് ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചാല്‍ മാത്രമേ കസ്റ്റംസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ.

ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റായുള്ള സ്ഥാനാരോഹണത്തിന് മുന്‍പ് തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്. വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫായ റോണ്‍ ക്ലെയിന്‍ സീനിയര്‍ സ്റ്റാഫുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്.

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തുക.

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന്

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ പറയുമ്പോള്‍ ഭേദഗതിയെ കുറിച്ച് മാത്രം ചര്‍ച്ചയാകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. ഈ നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനിന്നാല്‍ പ്രശ്‌നപരിഹാരം അകലെയാകും.

പ്രധാനമന്ത്രി ആവാസ് യോജന; 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.

Story Highlights – todays headlines 20-01-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top