ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21-01-2021)

സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെയാണ് വോട്ടിംഗ് ഇല്ലാതെ പ്രമേയം തള്ളിയത്. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

സ്പീക്കര്‍ക്ക് എതിരെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണ്. കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ഒ രാജഗോപാലിനും ഒരേ സ്വരമാണുള്ളത്. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് വെളിവാകുന്നതെന്നും മുഖ്യമന്ത്രി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ ആരാണ് ഉത്തരവാദികളെന്ന് ഫലപ്രദമായി അന്വേഷിച്ച് കണ്ടെത്തണമെന്ന നിലപാടാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ അന്വേഷണം ലൈഫ് പദ്ധതിയെ കുറിച്ചായെന്നും മുഖ്യമന്ത്രി.

പ്രതിപക്ഷ നേതാവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിമറ്റൊരാളെ നിയമിച്ച പോലെയാണ് പ്രതി പക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് വീണാ ജോർജ് എംഎൽഎ

കഴിഞ്ഞ നാലര വർഷക്കാലമായി ദിവസവും രണ്ടോ മൂന്നോ പത്ര സമ്മേളനങ്ങൾ വിളിച്ച് പ്രതിപക്ഷത്തെ നയിച്ചുകൊണ്ടിരുന്ന ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിമറ്റൊരാളെ നിയമിച്ച പോലെയാണ് പ്രതി പക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് അറന്മുള വീണാ ജോർജ് എംഎൽഎ. എം ഉമ്മർ എംഎൽഎ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് പറയുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന് പോലും വിശ്വാസമില്ലാതെയാണ്. തീർത്തും രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഹത്തായ ഒരു ഭരണഘടനാ പദവിയെ കളങ്കപ്പെടുത്തുകയാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിട്ടിരിക്കുന്നതെന്നും വീണാ ജോർജ് എംഎൽഎ വ്യക്തമാക്കി.

ഡോളര്‍ കടത്ത് കേസ്; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയുള്ള അവിശ്വാസ പ്രമേയം നിയമസഭയിൽ

പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുന്നു. എം ഉമ്മർ എംഎൽഎയാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതേസമയം, സ്പീക്കർക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാൽ സാങ്കേതിക വാദങ്ങൾ ഉയർത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.

സെമി ഹൈ സ്പീഡ് റെയിലിന് എതിരെ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും

സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷം രംഗത്ത്. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടിസ് നല്‍കുക. പദ്ധതി അശാസ്ത്രീയവും ജനദ്രോഹപരവുമാണെന്നാണ് പ്രതിപക്ഷ നിലപാട്. കെ റെയില്‍ പദ്ധതി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രതിപക്ഷം.

അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം; കേന്ദ്ര ധനകാര്യ സെക്രട്ടറിയ്ക്ക് മറുപടി നൽകി കസ്റ്റംസ്

ചോദ്യം ചെയ്യലിനിടെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറോട് അപമര്യാദയായി പെരുമാറിയ ആരോപണത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയ്ക്ക് മറുപടി നൽകി കസ്റ്റംസ്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോപണമെന്നാണ് കസ്റ്റംസിന്റെ വിശദീകരണം. ചോദ്യം ചെയ്യൽ പൂർണമായി ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ വസ്തുത മനസിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്‍; കുടിയേറ്റ വിലക്ക് നീക്കാനുള്ള ഉത്തരവില്‍ ഒപ്പിട്ടു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന നല്‍കും. പാരീസ് കാലാവസ്ഥ ഉടമ്പടിയിലേക്ക് തിരികെ പ്രവേശിക്കും.

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും. സിംഗുവിലെ കർഷക യൂണിയൻ ഓഫീസിൽ രാവിലെ പത്തിന് ചർച്ച ആരംഭിക്കും.

Story Highlights – news round up, todays headlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top