ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (29-01-2021)

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ല: എ.കെ. ശശീന്ദ്രന്‍

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍. യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണ് എന്ന് എ.കെ. ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇടതു മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചനയുമായി സ്‌കറിയാ തോമസ്

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചന നല്‍കി സ്‌കറിയാ തോമസ്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് ചൂണ്ടികാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശന സാധ്യതയാണ്, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നത്. യുഡിഎഫില്‍ നിന്ന് അനൂപ് ജേക്കബിന് പിറവത്ത് ജയിക്കാനാകില്ല. ഇടതുപക്ഷത്തോട് അടുപ്പം കാണിക്കുന്ന യാക്കോബായ സഭയാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍.

കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന പൊതുസ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇന്ന് മുതല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇതിനായി മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും രംഗത്തിറക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നു

കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതായി വിവരം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം ഇനി ചര്‍ച്ച എന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നും പോരായ്മകള്‍ പരിശോധിക്കാന്‍ സമിതിയെ വയ്ക്കാമെന്നും ആണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍.

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ കൈയാങ്കളി; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം കുറ്റിച്ചലില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി.യുഡിഎഫ് വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ എ. നവാസിനെ മണ്ഡലം സെക്രട്ടറി അനില്‍കുമാറും വാര്‍ഡ് പ്രസിഡന്റ് ബിജോ ബോസും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ആളിക്കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം സംഘര്‍ഷ ഭരിതമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Story Highlights – todays headlines 29-01-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top