ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (30-01-2021)
ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കും: ടി. സിദ്ദിഖ്
ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. മത്സരിക്കാതെ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ അതിനും തയാറാണെന്നും ടി. സിദ്ദിഖ് ട്വന്റിഫോറിനോട് പറഞ്ഞു. സിദ്ദിഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ കുന്നമംഗലം മണ്ഡലം ഇക്കുറി ലീഗിനു വിട്ട് നല്‍കുമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാകും. പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറെന്ന് ഷമ മുഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു.
ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍
ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. പരിഷ്‌കാരത്തിന് വേണ്ടി മാത്രമുള്ള ശുപാര്‍ശകളെന്നാണ് ആക്ഷേപം. സര്‍വീസ് വെയിറ്റേജിന് അനുസരിച്ച് ശമ്പള വര്‍ധനവ് വേണമെന്ന ആവശ്യവും പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ്; നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് യോഗം ചേരും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനായി ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് യോഗം ചേരും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി കൈക്കൊള്ളേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ചചെയ്യും. യാക്കോബായ സഭയുടെ ഇടത് അടുപ്പം കൂടി പരിഗണിച്ചാകും തീരുമാനം. കഴിഞ്ഞ ദിവസം ഓര്‍ത്തോഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ പാണക്കാട് എത്തിയിരുന്നു.
രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം
ഇന്ത്യ കൊവിഡ് പോരാട്ടത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ഇന്ന് കടക്കും. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഫെഡറല്‍ തത്വത്തില്‍ ഊന്നി വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും അവയുടെ വിവിധ എജന്‍സികളും സംയുക്തമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിജയത്തിലെയ്ക്ക് നയിച്ചത്.
കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്നു; അതിര്‍ത്തികളില്‍ അതീവ ജാഗ്രത
കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത. സിംഗു അടക്കമുള്ള മേഖലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. കര്‍ഷകര്‍ സ്വന്തം നിലയ്ക്കും സമരകേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷക നേതാക്കള്‍ നിരാഹാര സത്യഗ്രഹം നടത്തും. ഇതിനിടെ, ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അറുപത്തിയാറാം ദിവസത്തിലേക്ക് കടന്നു.
Story Highlights – todays headlines 30-01-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here