ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-03-2021)

‘സിപിഐഎമ്മുമായി ബിജെപിക്ക് രഹസ്യധാരണയില്ല’; ആർ. ബാലശങ്കറിന്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ

ആർ. ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

കലാപക്കൊടി ഉയർത്തുന്നവർ പുനഃരാലോചിക്കണം; ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതെന്ന് വി. ഡി സതീശൻ

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെതിരെ പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ വി. ഡി സതീശൻ. ലതിക സുഭാഷിന്റെ പ്രതിഷധം അതിരുവിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികയ്ക്ക് ഒഴിവാക്കാമായിരുന്നു. കലാപക്കൊടി ഉയർത്തുന്നവർ പുനഃരാലോചിക്കണമെന്നും വി. ഡി സതീശൻ പറഞ്ഞു.

പി. സി തോമസിന്റെ പാർട്ടിയിൽ ലയിക്കാൻ പി. ജെ ജോസഫ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

പി. ജെ ജോസഫ്- പി. സി തോമസ് ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൻ.ഡി.എ വിട്ടുവരുന്ന പി. സി തോമസിനൊപ്പം ചേരാനാണ് പി. ജെ ജോസഫിന്റെ തീരുമാനം. കടുത്തുരുത്തിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ പി. സി തോമസ് പങ്കെടുക്കും.

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും: റെയില്‍വേ മന്ത്രി

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസമാകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നും തുടരും

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നും തുടരും. പ്രധാന മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കൂടുതല്‍ പേര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാര്‍ത്ഥികളായ കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, ഡി.കെ. മുരളി, ജി.ആര്‍. അനില്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Story Highlights -todays headlines 17-03-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top