Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

August 29, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾഎന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവർത്തനാനുമതി. ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും യാത്രാനുമതി. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധമായും കൈയ്യിൽ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. (today lockdown in kerala)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, അലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. ഓഗസ്റ്റ് 30 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകി.

ടോക്യോ പാരാലിമ്പിക്സ്: ടേബിൾ ടെന്നിസിൽ ഭവിന പെട്ടേലിനു വെള്ളി; ഇന്ത്യക്ക് ആദ്യ മെഡൽ

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിന പട്ടേലിനു വെള്ളിമെഡൽ. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഴൂ യിങിനോട് പരാജയപ്പെട്ടാണ് ഭവിന രണ്ടാം സ്ഥാനം നേടിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്കോർ 3-0. ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ആണിത്. ടേബിൾ ടെന്നിസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോർഡും ഭവിന സ്വന്തമാക്കി. (paralympics bhavina patel silver)

ഡി.സി.സി. പട്ടിക ; കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതിഷേധം: രാഹുൽ ഗാന്ധിക്ക് അതൃപ്തി

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി. നേതാക്കളുടെ പ്രതികരണം സംബന്ധിച്ച് താരിഖ് അൻവറിനോട്‌ രാഹുൽ ഗാന്ധി റിപ്പോർട്ട് തേടി. ഡി.സി.സി. അധ്യക്ഷ പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഡിസിസി പ്രസിഡന്റ് പട്ടികയിൽ പട്ടികജാതിക്കാർ വരാത്തതിന് കാരണം കൊടിക്കുന്നിൽ സുരേഷ്; വിമർശനവുമായി ദളിത് കോൺ.സംസ്ഥാന അധ്യക്ഷൻ

ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരെ വിമർശനവുമായി ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ കെ ഷാജു.10 ശതമാനം എസ് സി എസ് ടി പ്രാധിനിധ്യമെന്ന ഉറപ്പ് കെ സുധാകരൻ പാലിച്ചില്ലെന്ന് കെ കെ ഷാജു. ഡിസിസി പ്രസിഡന്റ് പട്ടികയിൽ പട്ടികജാതിക്കാർ വരാത്തതിന് കാരണം കൊടിക്കുന്നിൽ സുരേഷ്. കൊടിക്കുന്നിൽ സുരേഷ് പട്ടിക ജാതിക്കാർക്കായി അഭിപ്രായം പറയാത്തത് പ്രതിഷേധാർഹം.

രാജ്യത്ത് 45,083 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരില്‍ 69% കേരളത്തില്‍ നിന്ന്

കഴിഞ്ഞ നാല് ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 40,000 നു മുകളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേര്‍ക്കു കൂടി കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 460 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 153 മരണങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 126 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ചേംബർ ഓഫ് കോമേഴ്‌സിൽ തട്ടിപ്പ്; പണം ദുബായിലേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തൽ

കൊച്ചി ചേംബർ ഓഫ് കോമേഴ്‌സിൽ വ്യാപക തിരിമറി, പണം ദുബായിലേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തൽ. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതിന് 5 ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേരള ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്കുകളിൽ അടിമുടി കൃത്രിമം കണ്ടെത്തിയതായി ഇ.ഡി റിപ്പോർട്ട്.

സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഭവം; ഐസിഎച്ച്ആറിനെതിരെ കോൺഗ്രസ്

സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്. ഐസിഎച്ച്ആർ ചെയ്തത് ചരിത്രനിഷേധമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഡിജിറ്റൽ പോസ്റ്ററിൽ നിന്നാണ് ഐസിഎച്ച്ആർ ജവഹർലാൽ നെഹ്റുവിനെ നീക്കിയത്. നെഹ്റുവിനെ നീക്കിയതിനൊപ്പം ഹിന്ദു മഹാസഭ സ്ഥാപകൻ വിഡി സവർക്കറെ പോസ്റ്ററിൽ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. (Congress ICHR omitting Nehru)

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്രം

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഞായറാഴ്ചയാണ് സെപ്റ്റംബര്‍ 30 വരെ വിലക്ക് നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31-നു അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

14 പേരും യോഗ്യരാണ്; ഡി സി സി പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടിക : കെ മുരളീധരൻ

ഡി സി സി പുനഃസംഘടന പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണെന്ന് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ചകളാണ് ഇത്തവണ നടന്നത്. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തിയെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 14 പേരും തികച്ചും യോഗ്യരാണ്, പ്രായമാവർ അനുഭവസമ്പത്തുള്ളവരാണ്. അവർക്ക് നന്നായി പ്രവർത്തിക്കാനാകില്ല എന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlight: Today’s headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement