Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (12-09-2021)

September 12, 2021
Google News 1 minute Read
Todays headines 12-08-2021

അട്ടപ്പാടിയില്‍ സന്നദ്ധ സംഘടനയുടെ മരുന്നുവിതരണം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി; ട്വന്റിഫോര്‍ ഇംപാക്ട്

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണത്തില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മരുന്ന് വിതരണം ആരോഗ്യവകുപ്പിന്റെ അനുമതിയോടെ മാത്രമേ നടത്താനാകൂ എന്ന് മന്ത്രി വ്യക്തമാക്കി.

ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; സമാധാന സന്ദേശവുമായി കാന്തപുരം

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബുബക്കർ മുസ്‌ലിയാർ. വിഷയത്തിൽ വിവാദം ഒഴിവാക്കണമെന്നാണ് എ.പി. അബുബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടത്. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നാണ് മുസ്‌ലിം ജമാഅത്ത് നേതാവ് അറിയിച്ചത്.

സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഐഎമ്മിന് വിമര്‍ശനം

സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഐഎമ്മിന് കടുത്ത വിമര്‍ശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് വീഴ്ചയുണ്ടായെന്ന് സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐഎമ്മിന്റെ വോട്ട് ചോര്‍ന്നുവെന്നും ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാലാ ബിഷപ്പിന്റെ നര്‍കോട്ടിക്‌സ് പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം രംഗത്ത്. വിഷം ചീറ്റുന്ന നാവുകളും മൗനം ഭജിക്കുന്ന മനസ്സുകളും എന്ന പേരില്‍ സുപ്രഭാതം പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് സമസ്തയുടെ വിമര്‍ശനം.

മണ്ണാർക്കാട് ഹോട്ടലിലെ തീപിടുത്തം; ഹോട്ടലിന് എൻ.ഓ.സി. ഇല്ല; സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

മണ്ണാർക്കാട്‌ ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അഗ്നിസുരക്ഷാ സേന. ഹോട്ടലിന് ഫയർ എൻ.ഓ.സി ഇല്ലായിരുന്നെന്ന് അഗ്നിസുരക്ഷാ സേന വ്യക്തമാക്കി. ഫയർ എൻ.ഓ.സി. നിർബന്ധമുള്ള കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. 20,000 ലിറ്റർ സംഭരണശേഷിയുള്ള സിമന്റിൽ തീർത്ത ജലസംഭരണി വേണമെന്ന വ്യവസ്ഥയും ഹോട്ടൽ ലംഘിച്ചു, ഹോട്ടലെങ്കിൽ ഉണ്ടായിരുന്നത് സിന്തറ്റിക് ജലസംഭരണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒറ്റപ്പാലത്തെ വീട്ടമ്മയുടെ കൊലപാതകം: കൊലയ്ക്ക് ശേഷം ഞരമ്പ് മുറിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ 24ന്

ഒറ്റപ്പാലത്ത് സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ മകനും സഹോദരിയുടെ മക്കളും ചേർന്ന് കൊലപ്പെടുത്തിയ ഖദീജ എന്ന വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ 24ന് ലഭിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ തെക്കേത്തൊടിയിൽ ഖദീജയാണ്‌ കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് പ്രതികൾ ഖദീജയെ കൊലപ്പെടുത്തിയത്. ഖദീജയുടെ കഴുത്തിലെ രണ്ട് അസ്ഥികൾ പോയിട്ടുണ്ടെന്നും കണ്ടെത്തി.

നർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം

നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം. ലൗ ജിഹാദും നർകോട്ടിക് ജിഹാദും സത്യമെന്ന് ആവർത്തിച്ച് ദീപിക ദിനപത്രത്തിൽ ലേഖനം. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിശിതമായി വിമർശിച്ചാണ് ലേഖനം

കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാൽ കൊവിഡ് മരണമായി കണക്കാക്കും; മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ

കൊവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചത്. മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ കിരീടം എമ്മ റാഡുകാനുവിന്

യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ കിരീടം ബ്രിട്ടണിന്റെ 18കാരി എമ്മ റാഡുകാനുവിന്. ഫൈനലില്‍ കനേഡിയന്‍ താരം ലൈന ആനി ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 6-3. ടൂര്‍ണമെന്റില്‍ ഒരു കിരീടം പോലും നഷ്ടപ്പെടുത്താതെയാണ് എമ്മ റാഡുകാന്റെ കിരീടനേട്ടം.

Story Highlight: Todays headines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here