ഇന്നത്തെ പ്രധാന വാർത്തകൾ (17-09-2021)
പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി നല്‍കി സുപ്രിംകോടതി
പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. എല്ലാ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്ന് സുപ്രിംകോടതി പറഞ്ഞു
പ്രശസ്ത ഭൗതികശാസ്‌ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു
പ്രശസ്ത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് താണു പത്മനാഭൻ.
കാസര്‍ഗോഡ് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്
കാസർഗോഡ് ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം. കുട്ടിയുടെ ആർടിപിസിആർ ഫലവും നെഗറ്റീവാണ്. ഇന്നലെ നടത്തിയ ട്രൂനാറ്റ് പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു
നർകോട്ടിക് ജിഹാദ് വിവാദം: അനുനയ ചർച്ചകൾ തുടരാൻ കോൺഗ്രസ്
നർകോട്ടിക് ജിഹാദ് വിവാദത്തിൽ അനുനയ ചർച്ചകൾ തുടർന്ന് കോൺഗ്രസ്. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ മുസ്‌ലിം സമുദായ നേതാക്കന്മാരുമായും സഭാ മേലധ്യക്ഷന്മാരുമായും ചർച്ച നടത്തും. ചർച്ചയ്ക്ക് സന്നദ്ധരാണെന്ന് സഭാ മേലധ്യക്ഷന്മാർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു
ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 70 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കുറയാതെ കൊവിഡ്; ഇന്ന് രാജ്യത്ത് 34,403 പുതിയ കേസുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കേസുകളില്‍ ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 12.5 ശതമാനം കുറവാണ്. 431 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണനിരക്ക് 4,43,928 ആയി. ഇന്ത്യയില്‍ 3,33,47,325 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 3,42,923 ആക്ടിവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. india covid updates
സംസ്ഥാനത്ത് മിസ്‌ക് ഭീഷണിയിൽ കുട്ടികൾ; കൊച്ചിയിൽ 10 വയസുകാരൻ ചികിത്സയിൽ
കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയിൽ സംസ്ഥാനം. കൊച്ചിയിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരൻ ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ വിദ്യാർത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം; മുന്നറിയിപ്പുമായി സിപിഎം
പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി സിപി എം. യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്
സിപിഐഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പിന്റെ പ്രസ്താവന, പാർട്ടി വിട്ടെത്തുന്ന കോൺഗ്രസ് നേതാക്കളോടുള്ള സമീപനം എന്നിവ ചർച്ചയാകും
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പാർട്ടി വിടാൻ തയാറുള്ള കോൺഗ്രസ് നേതാക്കളോടുള്ള സമീപനം യോഗത്തിൽ ചർച്ചയാകും. സംസ്ഥാന സമ്മേളനങ്ങളുടെ നടത്തിപ്പും വിലയിരുത്തും. കൂടാതെ പാലാ ബിഷപ്പ് വിഷയവും യോഗത്തിൽ വന്നേക്കും. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ഇതുവരെ ജില്ലാ കമ്മിറ്റികളിൽ കൈക്കൊണ്ട നടപടികൾ, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കൾ റിപ്പോർട്ട് ചെയ്യും.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുമോ? ജി എസ് ടി കൗൺസിൽ യോഗം ഇന്ന്
നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം എതിർപ്പ് പ്രകടിപ്പിക്കും. തമിഴ്നാട്, ബംഗാൾ, രാജസ്ഥാൻ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ ഒപ്പം നിർത്താൻ കേരളം ശ്രമിക്കും.
Story Highlights : sept 17 News headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here