ഇന്നത്തെ പ്രധാന വാർത്തകൾ (11-11-2021)
മുല്ലപ്പെരിയാർ മരംമുറി; എല്ലാം സർക്കാർ അറിവോടെ; സംയുക്ത യോഗത്തിന്റെ മിനുട്‌സ് പുറത്ത് ( nov 11 news round up )
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാൻ അനുമതി നൽകിയ സംഭവം സർക്കാർ അറിവോടെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന മിനുട്‌സ് ആണ് ഇപ്പോൾ പുറത്ത് വന്നത്. വനം പ്രിൻസിപ്പൽ സെക്രട്ടറി ജലവിഭവ സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മരംമുറി സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഉത്തരവിറക്കിയ ബെന്നിച്ചൻ തോമസും പങ്കെടുത്ത യോഗത്തിന്റെ മിനുട്‌സ് ട്വന്റിഫോറിന് ലഭിച്ചു.
ഇന്ധന വില കുറയ്ക്കാത്തതിനെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. തൃപ്പൂണിത്തുറ എം എൽ എ കെ ബാബു അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഇന്ധന വില കേന്ദ്രം കുറച്ചതിന് പിന്നാലെ കേരളവും കുറച്ചെന്ന് ധനമന്ത്രി.ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
ഇന്ധന നികുതി; സംസ്ഥാനം 6 വര്‍ഷമായി കൂട്ടിയിട്ടില്ല; കൂട്ടിയവര്‍ കുറയ്ക്കട്ടെ; ധനമന്ത്രി
സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാത്തതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നികുതി കുറച്ചതിന് പിന്നലെ കേരളവും കുറച്ചെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല. നികുതി വർധിപ്പിച്ചവർ തന്നെ കുറയ്ക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ധന വില വർധന; സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ നേതാക്കൾ
ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കറിൽ മലവെള്ളപ്പാച്ചിൽ. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചയോടെ പെയ്ത മഴയെ തുടർന്നായിരുന്നു സംഭവം. മൂന്ന് കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഈ മേഖലയിൽ ശക്തമായ മഴ ഉണ്ടായത്. അത് പുലർച്ചെ വരെ നീണ്ടു. അമ്പതേക്കർ പാലത്തിനു മുകളിലൂടെ വെള്ളം ഒലിച്ചെത്തി. കുന്നിമാൻ തോട് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതാണ് മലവെള്ളപ്പാച്ചിലുണ്ടാവാൻ കാരണം. ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ല.
കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേക്ഖലയിൽ ഉരുൾപൊട്ടൽ. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്.
ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ മാസങ്ങൾക്കു മുമ്പേ കേരളം സന്നദ്ധമായിരുന്നു; ട്വന്റിഫോർ എക്സ്ക്ലൂസിവ്
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ മാസങ്ങൾക്കു മുമ്പേ കേരളം സന്നദ്ധമായിരുന്നെന്ന രേഖ ട്വൻ്റിഫോർ പുറത്തു വിടുന്നു. ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ സെപ്തംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ ധാരണയായിരുന്നെന്ന് റൂൾ കർവ് കേസിൽ സത്യവാങ്മൂലത്തിനൊപ്പം കേരളം സുപ്രിംകോടതിയിൽ നൽകിയ അനുബന്ധ രേഖയിൽ വ്യക്തമാക്കുന്നു. ട്വൻ്റിഫോർ എക്സ്ക്ലൂസീവ്.
Story Highlights : nov 11 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here