Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 21-03-2022 )

March 21, 2022
1 minute Read
march 21 news round up
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന് സി.പി.ഐ ( march 21 news round up )

കെ റെയിലിൽ സർക്കാർ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുതെന്ന ആവശ്യവുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറ‍ഞ്ഞു. പദ്ധതിക്ക് പാർട്ടി എതിരല്ല. ആദ്യം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയാണ് വേണ്ടത്. എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രതിഷേധങ്ങളെ പ്രതിരോധിക്കണം എന്ന് മുന്നണി വ്യക്തമാക്കിയതിന് പിന്നാലെയാണ് വേറിട്ട നിലപാടുമായി സി.പി.ഐ രം​ഗത്തെത്തിയത്.

പൊലീസിന്റെ ഭാ​ഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡി.ജി.പിയുടെ കർശന നിർദേശം

സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാ​ഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം.

സിൽവർ ലൈനിനെതിരെ കോഴിക്കോടും കോട്ടയത്തും പ്രതിഷേധം

കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോ​ഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഇവിടം സന്ദർശിച്ചിരുന്നു.

ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥി; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകും. പഞ്ചാബിൽ നിന്നാണ് ആം ആദ്മി പാർട്ടി ഹർഭജൻ സിംഗിനെ നാമ നിർദേശംചെയ്‌തത്‌. ഇതുമായി ബന്ധപ്പെട്ട ഔഗ്യോഗിക സ്ഥിരീകരണം ആം ആംആദ്മി പാർട്ടി നടത്തി. ഇന്ന് തന്നെ ഹർഭജൻ സിംഗ് നാമ നിർദേശ പത്രിക സമർപ്പിക്കും. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക.

കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടക്കും; സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് വേണമെങ്കിൽ കല്ല് എത്തിച്ച് നൽകാം.

‘ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ ഉണ്ടാകുക സ്വാഭാവികം’; സിൽവർലൈനെ പിന്തുണച്ച് ജേക്കബ് തോമസ്

ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണെന്നും, ഇതിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

‘ദിലീപിന്റെ അഭിഭാഷകനെതിരെ ചട്ടപ്രകാരമുള്ള പരാതി ലഭിച്ചിട്ടില്ല; ലഭിച്ചാൽ പരിശോധിക്കും’ : ബാർകൗൺസിൽ ചെയർമാൻ

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ചട്ടപ്രകാരമുള്ള പരാതി ബാർ കൗൺസിലിൽ ലഭിച്ചിട്ടില്ലെന്ന് ബാർകൗൺസിൽ ചെയർമാൻ അഡ്വ.കെ.എൻ.അനിൽകുമാർ. ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിന്റെ അഭിഭാഷകനെതിരെ പുതിയ പരാതി നൽകിയാൽ പരിശോധിക്കും.

‘രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു’ : ഗുലാം നബി ആസാദ്

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഗുലാം നബി ആസാദ്. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം സാമുഹ്യ സേവന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നീതി പുലർത്താൻ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതായി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ജാതി മത ഭിന്നതകൾ അടക്കം ഇല്ലാതാക്കാൻ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

Story Highlights: march 21 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement